4ജി ഫീച്ചര്‍ ഫോണായ റിലയന്‍സ് ജിയോ ഫോണില്‍ ഇനിമുതല്‍ ഗൂഗിള്‍ അസിസ്റ്റന്റ് സേവനവും ലഭ്യമാവും. ഡല്‍ഹിയില്‍ നടന്ന് ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2017 പരിപാടിയിലാണ് ഗൂഗിള്‍ ജിയോഫോണുകളിലേക്കുള്ള ഗൂഗിള്‍ അസിസ്റ്റന്റ് എത്തുമെന്നറിയിച്ചത്.

കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ജിയോഫോണില്‍ ജിയോയുടെ തന്നെ മള്‍ടിമീഡിയാ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ആദ്യമായാണ് മറ്റൊരു മുന്‍നിര കമ്പനിയുടെ ആപ്ലിക്കേഷന്‍ ജിയോഫോണിലേക്കെത്തുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ ലഭ്യമാക്കുന്ന ആദ്യ ഫീച്ചര്‍ ഫോണ്‍ എന്ന ഖ്യാതിയും ഇനി ജിയോഫോണിന് സ്വന്തമാവും. 

ജിയോഫോണിന് വേണ്ടി പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്റ് രൂപ കല്‍പന ചെയ്തിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കി. ജിയോഫോണില്‍ ഇംഗ്ലീഷ് ഹിന്ദി ഭാഷയിലായിരിക്കും ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാവുക.

ജിയോഫോണില്‍ നിലവില്‍ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം ലഭ്യമാണ്. ഗൂഗിള്‍ അസിസ്റ്റന്റ് കൂടി ജിയോഫോണിലെത്തുന്നതോടെ ഒരു ഓണ്‍ലൈന്‍ സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനവും ജിയോഫോണിലേക്കെത്തുകയാണ്.