മക്കള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ മാതാപിതാക്കള്‍ക്ക് എവിടെയിരുന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കി. 'ഫാമിലി ലിങ്ക്' എന്നാണ് ഇതിന് പേര്. അമേരിക്കയിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. എല്ലാ മാതാപിതാക്കള്‍ക്കും പ്രത്യേകം ക്ഷണമില്ലാതെ ഫാമിലി ലിങ്ക് ആപ്പ് ലഭ്യമാവും.

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഓഎസ് 9 ന് ശേഷമുള്ള എല്ലാ പതിപ്പുകളിലും ഫാമിലി ലിങ്ക് ആപ്പ് പ്രവര്‍ത്തിക്കും. 

മാതാപിതാക്കള്‍ക്ക് ഫാമിലി ലിങ്ക് ആപ്പിലൂടെ ഒരു ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് മക്കളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ കൈകാര്യം ചെയ്യാം. ഗൂഗിള്‍ അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാല്‍ ഫാമിലി ലിങ്ക് ഓട്ടോമാറ്റിക് ആയി മക്കളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആവും. അതിന് ശേഷം കുട്ടികളുടെ ഫോണില്‍ എതെല്ലാം ആപ്പുകള്‍ വേണം സെറ്റിങ്‌സ് എങ്ങനെ ആയിരിക്കണം എന്നീ കാര്യങ്ങളെല്ലാം മാതാപിതാക്കള്‍ക്ക് തീരുമാനിക്കാം.

family link

കുട്ടികള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാനും ഫാമിലി ലിങ്ക് വഴി സാധിക്കും. ഏതെല്ലാം ആപ്ലിക്കേഷനുകളാണ് മക്കള്‍ ഉപയോഗിക്കുന്നത്. എത്രനേരം ഫോണ്‍ ഉപയോഗിക്കുന്നുണ്ട് തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്പ് വഴി മാതാപിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും. 

കുട്ടികള്‍ പഠിക്കുന്ന സമയത്തും കളിക്കുന്ന സമയത്തുമെല്ലാം ഫോണ്‍ ദൂരെ നിന്നു കൊണ്ട് തന്നെ ലോക്ക് ചെയ്യാനുള്ള സൗകര്യവും ഫാമിലി ലിങ്ക് ഒരുക്കുന്നുണ്ട്. ഫാമിലി ലിങ്ക് ആപ്പ് വഴിയുള്ള മാതാപിതാക്കളുടെ ഇത്തരം ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടികളുടെ ഫോണില്‍ കാണാനും സാധിക്കും.