ന്യൂഡല്‍ഹി: കറന്‍സി രഹിത പണമിടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എലും സ്വന്തം മൊബൈല്‍ വാലറ്റ് പുറത്തിറക്കി. മൊബിക്വിക്കുമായി സഹകരിച്ചുകൊണ്ടാണ് 10 കോടിയിലധികം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് പുറത്തിറക്കിയിരിക്കുന്നത്. 

15 ലക്ഷത്തിലധികം വ്യാപാരികളുമായി പണമിടപാട് നടത്താനുള്ള സൗകര്യവും ബിഎസ്എന്‍എല്‍ വാലറ്റിലുണ്ടാവും. ഓണ്‍ലൈന്‍ റീചാര്‍ജ്, ബില്‍ പേമെന്റ്, ബസ് ബുക്കിങ്, ഷോപിങ്, ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഈ ആപ്പിലുണ്ടാവും. ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ക്ക് ഏറെ സ്വീകാര്യതയുള്ള രാജ്യത്തെ ഗ്രാമീണ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമാവും ഈ പുതിയ ആപ്പ്.

എല്ലാവര്‍ക്കും പരിധിയില്ലാതെ സൗകര്യപൂര്‍വം ഉപയോഗിക്കാനും സുഖകരമായ പണമിടപാടുകള്‍ക്കും മൊബിക്വിക് സഹകരണത്തോടെയുള്ള ഈ ആപ്പ് സഹായകരമാവുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.  

സ്മാര്‍ട് ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും ബിഎസ്എന്‍എല്‍ വാലറ്റ് പുറത്തിറക്കുകയെന്നും ബിഎസ്എന്‍ എഎല്‍അധികൃതര്‍ പറഞ്ഞു.