ന്യുഡല്‍ഹി: മൊബൈല്‍ ഫോണ്‍ വഴിയുള്ള പണമിടമാടുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭിം) ആപ്ലിക്കേഷന്‍ 2 കോടി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും ആപ്ലിക്കേഷൻ വഴി 1,500 കോടി രൂപയുടെ ഇടപാട് നടന്നുവെന്നും ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. പാര്‍ലമെന്റംഗം ജയാ ബച്ചന്‍ ശൂന്യവേളയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ഭീം ആപ്ലിക്കേഷന്‍ രണ്ട് കോടി ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്. 1,500 കോടിയോളം രൂപയുടെ 50 ലക്ഷം ഇടപാടുകളാണ് ഭീം വഴി നടന്നത്.' രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നോട്ട് നിരോധനത്തെയും അതുമായി ബന്ധപ്പെട്ട് വന്ന സര്‍ക്കാര്‍ നടപടികളെയും വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ജയാ ബച്ചന്റെ ചോദ്യം. ഇതിനുള്ള മറുപടിയിലാണ് ഭീം ആപ്ലിക്കേഷന്‍ ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങളും മന്ത്രി പുറത്തുവിട്ടത്.

കറന്‍സിരഹിത സാമ്പത്തിക വ്യവസ്ഥ വളര്‍ത്തുക എന്ന മുദ്രാവാക്യവുമായാണ് നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് ചുവടുമാറാന്‍ കേന്ദ്രസർക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് 2016 ഡിസംബറില്‍ സര്‍ക്കാര്‍ ഭീം ആപ്പ് രംഗത്തിറക്കുന്നത്. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഈ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനില്‍ ഏതു ബാങ്കുകളിലേക്കും പണമിടപാട് സാധിക്കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) സൗകര്യം ലഭ്യമാണ്.