നമ്മള്‍ മലയാളികള്‍ക്ക് കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഒരു വാക്കായിരുന്നു പ്രളയം. നമ്മുടെ സ്‌കൂള്‍കുട്ടികള്‍ക്ക് യുവജനോല്‍സവങ്ങളില്‍ ‘ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കം’ എന്ന് ശബ്ദാനുകരണം നടത്താനുള്ള ഒരു മിമിക്രി ഐറ്റം. തൊണ്ണൂറ്റൊമ്പതിലെ മലവെള്ളം എന്നു വീണ്ടും വീണ്ടും കേട്ട് മിത്തിനോളം പഴകിപ്പോയ ഒരു മുത്തശ്ശിക്കഥ എന്നാല്‍ ഘനമാനങ്ങളുള്ള പ്രളയം എന്ന വാക്കിനെ ഇക്കഴിഞ്ഞ കര്‍ക്കിടകം മലയാളമണ്ണിലേക്ക് എടുത്തുവച്ചു. പച്ചവെള്ളം നമ്മെ അതിന്റെ വിശ്വരൂപം കാണിച്ചു. പേരാറും പെരിയാറും പമ്പയാറും ആദ്യം സ്വീകരണമുറിയിലേക്ക് കടന്നിരുന്നപ്പോള്‍ ഒരതിഥിയെപ്പോലെ അവ അധികം വൈകാതെ മടങ്ങിപ്പോകുമെന്നു കരുതിയവര്‍ക്കു തെറ്റി. അരയോളം, നെഞ്ചോളം, ശിരസ്സോളം പുഴകളുടെ ഓളങ്ങള്‍ ഉയര്‍ന്നുയര്‍ന്നുവന്നു. മലനാട്ടിലേയും ഇടനാട്ടിലേയും തീരപ്രദേശത്തേയും നദികള്‍ തങ്ങളുടെ ജലരോഷത്തിന്റെ കൈകള്‍ കോര്‍ത്തുപിടിച്ചതോടെ മലയാളത്തിന് വെള്ളംകൊണ്ട് പൊള്ളലേറ്റു. കേരളത്തില്‍ എത്ര നദികളുണ്ടെന്നും എത്ര അണക്കെട്ടുകളുണ്ടെന്നും പാഠപുസ്തകങ്ങളില്‍നിന്നല്ലാതെ നാം ആദ്യമായി നേരില്‍ കണ്ടുപഠിച്ചു. അവയുടെ ആഴവും ആഘാതവും അനുഭവിച്ചു.

നാല്‍പ്പത്തിനാലു നദികളും കൈകോര്‍ത്തുപിടിച്ച് കേരളത്തെ പ്രളയത്തിരകളില്‍ ആഴ്ത്തിയപ്പോള്‍, സഹജീവിസ്‌നേഹത്തിന്റെ മന്ത്രവുമായി പത്രപ്രവര്‍ത്തകരും കൈകോര്‍ത്തുപിടിച്ചു. പത്രപ്രവര്‍ത്തനം എന്നത് അക്ഷരാര്‍ഥത്തില്‍ രക്ഷാപ്രവര്‍ത്തനമായിത്തീര്‍ന്നു. ഉപജീവനം എന്നതിനേക്കാള്‍, മലയാളിയുടെ അതിജീവനം ആയിരുന്നു ഈ നാളുകളില്‍ മാധ്യമധര്‍മം. വെള്ളപ്പൊക്കക്കെടുതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുക എന്നതിനപ്പുറം, രക്ഷയ്ക്കായി കേഴുന്ന പ്രാണനുകള്‍ക്കുനേരേ സഹായഹസ്തം നീട്ടിക്കൊണ്ട് മാതൃഭൂമി മുന്നില്‍ നിന്നു നയിച്ചു. പതിനാലുജില്ലകളിലും ഒരുപോലെ നടമാടിയ ജലതാണ്ഡവത്തിന്റെ രൗദ്രഭീകരതയെ വാക്കിലും ദൃശ്യത്തിലും പകര്‍ത്താന്‍, അതുവഴി മൂന്നരക്കോടിയോളംവരുന്ന മലയാളിസമൂഹത്തിന് ജാഗ്രത പകരാന്‍, അവരുടെ പ്രത്യാശയും അതിജീവനത്വരയും കെടാതെ കാക്കാന്‍, ഈ ദിവസങ്ങളില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് മാതൃഭൂമി ഉണര്‍ന്നേയിരുന്നു. മുഴുവന്‍ പത്രപ്രവര്‍ത്തനവും ഒരേയൊരു വിഷയത്തില്‍ ഊന്നി- കേരളത്തിന്റെ, ഈ മലയാളമണ്ണിന്റെ രക്ഷ!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'മാതൃഭൂമി' അഞ്ചുകോടി രൂപ നല്‍കി. 'കേരളത്തിനൊരു കൈത്താങ്ങ്' പദ്ധതിയിലൂടെ പൊതുജനങ്ങളില്‍നിന്ന് 'മാതൃഭൂമി' സമാഹരിച്ചതും കമ്പനിയുടെയും ജീവനക്കാരുടെയും സംഭാവനാ വിഹിതവും ചേര്‍ത്താണ് അഞ്ചുകോടി നല്‍കിയത്. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി.യും മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനും ചേര്‍ന്ന് ഈ തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

അഞ്ഞൂറിലധികം ജീവനക്കാരുടെ സന്നദ്ധസേവനം ഇക്കാര്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ അവശ്യവസ്തുക്കളും മരുന്നും ദുരന്തമേഖലകളില്‍ വിതരണം ചെയ്തു. ആരോഗ്യക്യാമ്പുകള്‍ ഉള്‍പ്പെടെ ദുരന്ത ലഘൂകരണ യജ്ഞങ്ങള്‍ 'മാതൃഭൂമി' സംഘടിപ്പിച്ചു. .