ഖ്വയാമത് സേ ഖ്വയാമത് തക് എന്ന സിനിമ പുറത്തിറങ്ങുന്നതിനും എത്രയോ മുന്‍പ്, ആമിര്‍ഖാന്റെ അങ്കിള്‍ നാസിര്‍ ഹുസൈന്റെ സിനിമാലൊക്കേഷനില്‍ വെച്ചാണ്, ഞാനാദ്യമായി ആമിറിനെ കാണുന്നത്. അന്ന് അദ്ദേഹം ആ സിനിമയുടെ സഹസംവിധായകനായിരുന്നു. പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി അദ്ദേഹം ഉയര്‍ന്നപ്പോഴും ആമിര്‍ എന്ന വ്യക്തി മാറിയില്ല. ഏറ്റവും പുതിയ ചിത്രമായ ദംഗല്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിട്ടും ആമിറിന് ഒരു മാറ്റവുമില്ല. ഓരോ സിനിമ കഴിയുന്തോറും അഭിനയം കൂടുതല്‍ മെച്ചപ്പെടുന്നതായി അദ്ദേഹം പറയുന്നു. മുന്‍പ് വളരെ വേഗത്തില്‍ സംസാരിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതം സിനിമയ്ക്കായി മാറ്റിയെടുത്തിരിക്കുന്നു. ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ആമിറിന്റെ ദംഗല്‍ റിലീസ് ചെയ്ത് വെറും മൂന്നുമാസം കൊണ്ട് 400 കോടി രൂപ കളക്ഷന്‍ നേടി. ദംഗലിലൂടെ സ്ത്രീശാക്തീകരണത്തിനായി ഒരു ചെറുവിരലെങ്കിലും അനക്കാന്‍ സാധിച്ചതിന്റെ സന്തോഷവുമായി ആമിര്‍ മനസ്സു തുറക്കുന്നു.

ദംഗലിന് ലഭിക്കുന്ന അഭിനന്ദനങ്ങളില്‍ എത്രത്തോളം സന്തോഷവാനാണ്? 
സ്ത്രീശാക്തീകരണമാണ് ദംഗല്‍ കൈകാര്യം ചെയ്യുന്ന വിഷയം. പെണ്‍കുട്ടികള്‍ ഇപ്പോഴും അവഗണന നേരിടുന്നു. ഞങ്ങള്‍ നാല് മക്കളാണ്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. പക്ഷേ, അച്ഛനും അമ്മയും ഒരിക്കല്‍പോലും യാതൊരുതരത്തിലുള്ള വേര്‍തിരിവും പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ എല്ലാ വീട്ടിലും ഇതല്ല അവസ്ഥ. 

താങ്കള്‍ എപ്പോഴും ഇമേജ് മാറ്റി പരീക്ഷിക്കാറുണ്ടോ?
എനിക്ക് സ്ഥിരമായുള്ള ഇമേജ് ഇല്ല എന്നതാണ് വാസ്തവം. ഖ്വയാമത് സേ ഖ്വയാമത് തക് ഹിറ്റായപ്പോള്‍ ഒരു റൊമാന്റിക് ഹീറോ പരിവേഷമാണ് എനിക്ക് ലഭിച്ചത്. അതുകൊണ്ട് ഞാന്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിന് ഉദാഹരണമാണ് ദില്‍ എന്ന ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച രാജ എന്ന കഥാപാത്രം. ദില്‍ ഹേ കെ മാന്‍താ നഹീ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച രഘു ജയ്റ്റ്ലി എന്ന കഥാപാത്രവും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നായിരുന്നു. ജോ ജീത്താ വോഹീ സിക്കന്ദറിലെ സഞ്ജയ് ലാല്‍ എന്ന കഥാപാത്രവും അതുപോലെ വ്യത്യസ്തമാണ്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ എത്തിക്കാനാണ് എന്റെ ശ്രമം. എന്റെ ആരാധകര്‍ക്ക് എപ്പോഴും വേറിട്ട അനുഭവം നല്‍കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

ജീവിതത്തിലാദ്യമായി അമിതാഭ് ബച്ചനോടൊപ്പം ഒരു ചിത്രത്തില്‍ ഒന്നിക്കുകയാണല്ലോ?
അമിതാഭ് ബച്ചനുമായി ഒരു ചിത്രത്തിലെങ്കിലും ഒന്നിച്ചഭിനയിക്കുക എന്നത് എന്റെ വലിയൊരാഗ്രഹമായിരുന്നു. ജീവിതത്തിലുടനീളം എന്നില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് അമിത്ജി.
ധൂം 3-യുടെ സംവിധായകനായ വിജയ് കൃഷ്ണ ആചാര്യ എന്ന വിക്ടര്‍ പുതുതായി ഒരുക്കുന്ന ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനി
ലൂടെ ആ ആഗ്രഹം സഫലമാവുകയാണ്. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. അതിനുവേണ്ടിയാണ് ഞാന്‍ താടി നീട്ടിവളര്‍ത്തിയിരിക്കുന്നത്. ഷൂട്ടിങ് അവസാനിക്കുന്നതുവരെ എനിക്കിത് വടിച്ചുകളയാനാകില്ല. 2018-ലെ ദീപാവലിക്കാണ് ചിത്രം തിയേറ്ററിലെത്തുക.

star

 

സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ ഓണ്‍ലൈനില്‍ വാങ്ങിക്കാം

 

 

Aamir Khanതാങ്കള്‍ ഒരു മെത്തേഡ് ആക്ടര്‍ ആണ് എന്നത് സത്യമാണോ?
അത് ജനങ്ങളുടെ വെറും തെറ്റിദ്ധാരണ മാത്രമാണ്. ഞാന്‍ ഒരു മെത്തേഡ് ആക്ടര്‍ അല്ല. മെത്തേഡ് ആക്റ്റിങ് എന്താണെന്നുപോലും എനിക്കറിയില്ല. നസ്റുദ്ദീന്‍ഷായെപോലെയോ ഓം പുരിയെ പോലെയോ ഞാന്‍ ഒരു ട്രെയിന്‍ഡ് ആക്ടറുമല്ല. ജന്മസിദ്ധമായി ലഭിച്ച അഭിനയമേ എനിക്കറിയൂ. ഒരു തിരക്കഥ എന്ത് പറയുന്നു, അല്ലെങ്കില്‍ സംവിധായകന്‍ എന്ത് നിര്‍ദേശിക്കുന്നു എന്നതിനനുസരിച്ചാണ് ഞാന്‍ അഭിനയിക്കാറ്. ഞാന്‍ നിരവധി ഹോളിവുഡ് താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ലഗാന്റെയും ദ റൈസിങ്ങിന്റെയും സെറ്റില്‍ വെച്ച് അവര്‍ അഭിനയിക്കുന്നത് നിരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ അഭിനേതാക്കളില്‍നിന്നും വ്യത്യസ്തമായി അവര്‍ കഥാപാത്രത്തിനായി നിരവധി റിഹേഴ്സലുകള്‍ നടത്തിയാണ് ക്യാമറയ്ക്കുമുന്നില്‍ എത്തുന്നത്. 

താങ്കളിലെ അഭിനേതാവിനെ എങ്ങനെയാണ് ഒരുക്കുന്നത്?
സിനിമയെക്കുറിച്ച് പഠിക്കുമ്പോഴേ എന്നെങ്കിലുമൊരിക്കല്‍ നടനാകുമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. സഞ്ജീവ് കുമാര്‍, സണ്ണി ഡിയോള്‍, അംരീഷ് പുരി, ജയപ്രദ, പ്രേം ചോപ്ര, രതി അഗ്‌നിഹോത്രി, കുല്‍ഭൂഷണ്‍ ഖര്‍ബാനന്ദ തുടങ്ങിയവരുടെ വേറിട്ട അഭിനയരീതികള്‍ ഞാന്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. അവരുടെ മികച്ചതും മോശപ്പെട്ടതുമായ എല്ലാ അഭിനയ രീതികളില്‍നിന്നും ഞാന്‍ പഠിച്ചു.

Aamir Khan

മാതാപിതാക്കളെക്കുറിച്ച്?
എനിക്ക് ഈ ലോകത്ത് ഏറ്റവുമിഷ്ടം എന്റെ അമ്മയോടാണ്. അമ്മയുമായാണ് എനിക്ക് കൂടുതല്‍ അടുപ്പം. നിറയെ സ്‌നേഹം തന്ന് എന്നെ വളര്‍ത്തിയ അവരോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഞങ്ങളുടെത് ഒരു യാഥാസ്ഥിതിക കുടുംബമാണ്. നിര്‍മാതാവായി എന്റെ അച്ഛന്‍ കഴിഞ്ഞ 25 വര്‍ഷങ്ങളോളം സിനിമയില്‍ സജീവമാണ്. എന്നിട്ടുപോലും ഞങ്ങള്‍ സാധാരണ ജീവിതമാണ് നയിച്ചത്. മാതാപിതാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെയും ത്യാഗങ്ങളുടെയുമെല്ലാം മഹത്വം ഞാന്‍ ഒരു പിതാവായപ്പോഴാണ് അറിയുന്നത്. അത് മാതാപിതാക്കളോടുള്ള എന്റെ അടുപ്പത്തിന്റെ ആഴം കൂട്ടി.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം പുതിയലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ വായിക്കാം