വിജയങ്ങളുടെ അംബാസഡറാണ് കസിയസ്. 44 വര്‍ഷങ്ങള്‍ക്കുശേഷം 2008-ല്‍ സ്‌പെയിനിന് യൂറോകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍. രണ്ടുവര്‍ങ്ങള്‍ക്കുശേഷം സ്‌പെയിനിനുവേണ്ടി ആദ്യലോകകപ്പ് ഏറ്റുവാങ്ങി. സ്വന്തം ക്ലബ്ബായ റയല്‍ മാഡ്രിഡ് 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചാമ്പ്യന്‍സ് ലീഗ് കിരീടം വിജയിച്ചതിന്റെ ആവേശത്തിലാണ് കസിയസ് ബ്രസീലിലെത്തുന്നത്. 2010 ലോകകപ്പിലെ വിജയം സ്‌പെയിന്‍ ആവര്‍ത്തിക്കുമെന്ന് കസിയസ് പറയുന്നു.


*2010-ലെ ലോകകപ്പ് വിജയം, രണ്ട് യൂറോകപ്പുകള്‍, മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, അഞ്ച് ലാ ലിഗ വിജയങ്ങള്‍ - സമകാലിക ഫുട്‌ബോളിലെ ഏറ്റവും വലിയ വിജയങ്ങളുടെ ഉടമയാണ് താങ്കള്‍...ഫുട്‌ബോള്‍പോലൊരു ടീം ഗെയിമില്‍, ഓരോ വിജയവും ടീമിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് നേടുന്നതാണ്. അതൊരിക്കലും വ്യക്തിഗതമായ മികവല്ല. തീര്‍ച്ചയായും ഇക്കാലത്തെ ഏറ്റവും മികച്ച സംഘത്തിനൊപ്പം കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചു, ക്ലബ്ബ് തലത്തിലും രാജ്യത്തിനുവേണ്ടിയും. റയലിലും സ്പാനിഷ് ദേശീയടീമിലും പ്രതിഭാധനരായ ഒരു തലമുറയ്‌ക്കൊപ്പം കളിക്കാനായി എന്നത് എന്റെ ഭാഗ്യമാണ്. ഓരോ കിരീടവും എനിക്ക് പ്രിയപ്പെട്ടതാണ്. വിജയകരമായ ഈ യാത്ര ഞാന്‍ പൂര്‍ണമായും ആസ്വദിക്കുന്നു.


*റയലിന്റെ പത്താം ചാമ്പ്യന്‍സ് ലീഗ് വിജയത്തിന്റെ ആവേശവുമായാണ് നിങ്ങള്‍ ബ്രസീലിലെത്തുന്നത്.


2002 മുതല്‍ റയലിന്റെ പത്താം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അതിനുവേണ്ടി അന്നുമുതല്‍ ഞങ്ങള്‍ വിയര്‍പ്പൊഴുക്കിക്കൊണ്ടിരുന്നു. വിജയം ഞങ്ങളെ അനുഗ്രഹിച്ചില്ല. 11 വര്‍ഷം അകന്നുപോയ കിരീടം ഒടുവില്‍ അവിശ്വസനീയമാംവിധം ഞങ്ങളിലേക്ക് മടങ്ങിയെത്തി. ഇന്‍ജുറി ടൈമില്‍ സെര്‍ജിയോ റാമോസിന്റെ ഹെഡ്ഡറില്‍ ഞങ്ങള്‍ മത്സരം സമനിലയിലാക്കുമ്പോള്‍ പരാജയം ഒരു മിനിറ്റ് മാത്രം അകലെയായിരുന്നു. എന്നാല്‍, എക്‌സ്ട്രാ ടൈമില്‍ അത്‌ലറ്റിക്കോക്കെതിരെ വ്യക്തമായ ആധിപത്യം നേടാനായി. ഇതിലും മികച്ച അന്ത്യം ഉണ്ടാകാനില്ല!


*2008-വരെ വലിയ ടൂര്‍ണമെന്റുകളിലൊന്നും കാര്യമായി പരിഗണിക്കപ്പെടാതിരുന്ന ടീമാണ് സ്‌പെയിന്‍


അതുവരെ വലിയ ടൂര്‍ണമെന്റുകളിലൊന്നും കാര്യമായ വിജയം നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. 2006-ലെ ജര്‍മന്‍ ലോകകപ്പിലും ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. ഓര്‍മയുണ്ടോ എന്നറിയില്ല, സിനദിന്‍ സിദാന്റെ ഉജ്ജ്വലമായ ഒറ്റയാള്‍ പ്രകടനത്തില്‍ ഫ്രാന്‍സ് ഞങ്ങളെ തോല്‍പ്പിച്ചു. ഞങ്ങള്‍ വെറുകൈയോടെ മടങ്ങി. ദക്ഷിണാഫ്രിക്കയിലും ഞങ്ങള്‍ക്ക് നല്ല തുടക്കമായിരുന്നില്ല. ആദ്യമാച്ചില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റു. അതിനുശേഷം തുടര്‍ച്ചയായ ആറുമത്സരങ്ങള്‍ ജയിച്ച് കിരീടം സ്വന്തമാക്കി. വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ പരാജയവും പ്രധാനമാണ്‍


*ബ്രസീലില്‍ സ്‌പെയിനിന് 2010 ആവര്‍ത്തിക്കാനാകുമോ?

തീര്‍ച്ചയായും. ഹോളണ്ടിനൊപ്പം ശക്തന്മാരുടെ ഗ്രൂപ്പിലാണ് ഞങ്ങള്‍ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്ക ലോകകപ്പിലും ഞങ്ങള്‍ ചിലിയുമായി കളിച്ചിരുന്നു. ഇത്തവണ അവരെ കരുതിയിരിക്കണം. ഓസ്‌ട്രേലിയ പലരെയും അത്ഭുതപ്പെടുത്തും. അപകടകരമായ അവസ്ഥയില്‍ തുടക്കംതൊട്ടേ ഞങ്ങള്‍ക്ക് നന്നായി കളിക്കേണ്ടിവരും.


*പ്രാഥമികഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സ്‌പെയിന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതെങ്കില്‍ ക്വാര്‍ട്ടര്‍ വരെ വലിയ വെല്ലുവിളിയുണ്ടാകില്ല?

ഞാന്‍ അങ്ങനെ കരുതുന്നില്ല. ഇത് ലോകകപ്പ് മത്സരമാണ്. ഓരോ മത്സരത്തെയും ഓരോ റൗണ്ടിനെയും അതേ ഗൗരവത്തിലെടുക്കണം. ഒരു ടീമിനെയും നിങ്ങള്‍ക്ക് അവഗണിക്കാനാകില്ല. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ എതിരാളികളെയാണ് ഇത്തവണ ആദ്യമത്സരത്തില്‍ ഞങ്ങള്‍ നേരിടുന്നത് എന്നോര്‍ക്കണം! ഏറ്റവും നല്ലരീതിയില്‍തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിടണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ഒന്നും എളുപ്പമല്ല. ഞങ്ങള്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തിയാല്‍ പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിനെ നേരിടേണ്ടിവരില്ല എന്നാണ് സ്‌പെയിന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബ്രസീലിയന്‍ ആരാധകരും അങ്ങനെ ചിന്തിക്കുന്നു. പ്രാഥമികറൗണ്ടില്‍ എ ഗ്രൂപ്പില്‍ ബ്രസീല്‍ രണ്ടാമതെത്തിയാലോ? അതുകൊണ്ട് അത്തരം കണക്കുകൂട്ടലുകള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് ഞാന്‍ കരുതുന്നത്.


*സ്‌പെയിനിനെ മാറ്റിനിര്‍ത്തിയാല്‍ കപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം?

ആതിഥേയരാജ്യമായ ബ്രസീലാണ് ഏറ്റവും സാധ്യതയുള്ള മറ്റൊരു ടീം. ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലിറങ്ങുന്ന അര്‍ജന്റീനയും 1986-നുശേഷം മറ്റൊരു ലോകകപ്പ് നേടാന്‍ എല്ലാ ശ്രമവും നടത്തും. ജര്‍മനിയും ഫേവറിറ്റുകളുടെ കൂട്ടത്തിലുണ്ട്. റയലിലെ എന്റെ സുഹൃത്തായ ക്രിസ്റ്റ്യാനോ കുറച്ചുകാലമായി അതിശയിപ്പിക്കുന്ന ഫോമിലാണ്. പരിക്ക് വലച്ചില്ലെങ്കില്‍ ലോകകപ്പിനായി അദ്ദേഹം ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പാണ്. ഒപ്പം ഇറ്റലി, ഉറുഗ്വായ്, ഫ്രാന്‍സ് എന്നീ ടീമുകളുമുണ്ട്. ഒരു കാര്യം ഉറപ്പ്, അവിസ്മരണീയമായ ലോകകപ്പാകും ബ്രസീലിലേത്.