ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നിലധികം മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ കായികതാരമേയുള്ളൂ.- സുശീല്‍ കുമാര്‍ സോളങ്കി. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 66 കിലോഗ്രാം വിഭാഗത്തില്‍ 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ നേടിയ വെങ്കലം നാലു വര്‍ഷത്തിനു ശേഷം ലണ്ടനില്‍ വെള്ളിയാക്കി മാറ്റുകയായിരുന്നു സുശീല്‍. 2016-ലെ റിയോ ഒളിമ്പിക്‌സില്‍ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് ചോദിക്കുമ്പോള്‍ ഒരു നിമിഷം പോലും മടിച്ചു നില്‍ക്കാതെ സുശീല്‍ പറയുന്നു.- 'സംശയമെന്ത്, സ്വര്‍ണം.' 
2010-ല്‍ തന്റെ 27-ാം വയസ്സില്‍ 66 കിലോഗ്രാം വിഭാഗത്തില്‍ തന്നെ ലോകചാമ്പ്യന്‍ പട്ടമണിഞ്ഞ് ലോകത്തെ ഞെട്ടിച്ച സുശീല്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച കായിക താരങ്ങളുടെ പട്ടികയില്‍ നിസ്സംശയം ഇടം പിടിക്കുന്നു. ക്രിക്കറ്റില്‍ ഇന്ത്യ ആദ്യമായി ലോക ചാമ്പ്യന്‍മാരാവുന്നതിന് (1983 ജൂണ്‍ 25) കഷ്ടി ഒരു മാസം മുമ്പാണ് (1983 മെയ് 26) ഫ്രീസ്റ്റൈല്‍ ഗുസ്തിയിലെ ആദ്യ ഇന്ത്യന്‍ ലോകചാമ്പ്യന്‍ പിറക്കുന്നത്. തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് സുശീല്‍ സംസാരിക്കുന്നു. 

 

ഒരു ഗുസ്തിക്കാരന്റെ ദിനചര്യയും ജീവിതവും കഠിനമായിരിക്കും അല്ലേ? 

കഠിനം എന്നൊന്നും എനിക്ക് തോന്നാറില്ല. രാവിലെ മൂന്നു മണിക്ക് ട്രെയിനിങ് തുടങ്ങും. വൈകുന്നേരവും ട്രെയിനിങ്ങുണ്ട്. വലിയ ടൂര്‍ണമെന്റുകള്‍ക്ക് തയ്യാറെടുക്കുന്ന സമയമാണെങ്കില്‍ ദിവസും നാലും അഞ്ചും മണിക്കൂറ് പരിശീലനമുണ്ടാവും. പൂര്‍ണ വെജിറ്റേറിയനാണ്. ദിവസം മൂന്നു ലിറ്റര്‍ പാല് കുടിക്കും. ബദാം, പഴച്ചാറ് ഇതെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. 


എങ്ങനെയാണ് ഗുസ്തിയിലേക്ക് വന്നത്? 
ഡല്‍ഹിക്കടുത്ത് നജഫ്ഗഢിലെ ബോപ്‌റോല എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ ദിവാന്‍ സിങ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ബസ്‌ഡ്രൈവറായിരുന്നു. അച്ഛനും വലിയച്ഛനുമെല്ലാം ഗുസ്തിയില്‍ കമ്പമുണ്ടായിരുന്നു. അതുകൊണ്ട് ചെറുപ്പത്തില്‍ ഞാനും തുടങ്ങി. കുടുംബത്തില്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്. ഇത് ഞങ്ങള്‍ക്ക് നേരംപോക്കല്ല. ജീവിതം തന്നെയാണ്. രക്തത്തിലുള്ളതാണ്. കസിന്‍ സന്ദീപാണ് എന്നെ ഗുസ്തി പരിശീലനത്തിനായി അഘാഡയില്‍ എത്തിച്ചത്. ഗുസ്തിക്കാരന്റെ ഭക്ഷണവും മറ്റും ചെലവേറിയതാണ്. അതിനുള്ള പണം കണ്ടെത്താനൊക്കെ വീട്ടുകാര്‍ അന്ന് ഏറെ വിഷമിച്ചിരിക്കണം.

 

ആരായിരുന്നു സുശീലിന്റെ ആദ്യ ഗുരു? 

ഇന്ത്യക്ക് വേണ്ടി മല്‍സരിച്ചിരുന്ന യശ്‌വീര്‍, രാംപാല്‍ എന്നിവരായിരുന്നു തുടക്കത്തില്‍ അഘാഡയില്‍ പരിശീലിപ്പിച്ചത്. പിന്നീടാണ് അര്‍ജുന അവാര്‍ഡ് ജേതാവായ സത്പാല്‍ സിങ്ങിന്റെ കീഴിലെത്തിയത്. അദ്ദേഹത്തിന്റെ ശിക്ഷണം എനിക്കേറെ ഗുണം ചെയ്തു. ആരെങ്കിലും ആയിത്തീരണമെന്നോ, പണമുണ്ടാക്കണമെന്നോ എന്നൊന്നുമുള്ള ആഗ്രഹത്തോടെയല്ല അല്ല അന്ന് ഗുസ്തി അഭ്യസിച്ചത്. പരിമിതമായ സൗകര്യങ്ങളിലായിരുന്നു ജീവിതവും പരിശീലനവുമെല്ലാം. 


സുശീലല്ലാതെ മറ്റൊരാളും ഇന്ത്യയില്‍ നിന്ന് രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡല്‍ നേടിയിട്ടില്ല.

നിങ്ങളുടെയെല്ലാം പിന്തുണയുണ്ടെങ്കില്‍ മൂന്നാമതൊരു ഒളിമ്പിക് മെഡല്‍ കൂടി നേടും. റിയോയില്‍ സ്വര്‍ണം ലക്ഷ്യമിട്ടാണ് പരിശീലിക്കുന്നത്. എനിക്ക് നല്ല വിശ്വാസമുണ്ട്. അമേരിക്കയില്‍ പോയി ട്രെയിന്‍ ചെയ്യുന്നുണ്ട്. ബ്രസീലിലെയും അമേരിക്കയിലെയും കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും സാമ്യമുണ്ട്. 


ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എന്താണ് ചെയ്യുന്നത് ?

പരിശീലകരെ പൂര്‍ണവിശ്വാസത്തിലെടുക്കും. അവര്‍ നല്‍കുന്ന ട്രെയ്‌നിങ് ഷെഡ്യൂള്‍ അതേപടി പിന്തുടരുന്നു.


ഗുസ്തിയില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയെ കുറിച്ച് എന്തു തോന്നുന്നു?
ഒളിമ്പിക്‌സിലും മറ്റും മെഡല്‍ വരാന്‍ തുടങ്ങിയതോടെ നമ്മുടെ ഗുസ്തിക്കാരുടെ ആത്മവിശ്വാസവും ഇരട്ടിച്ചു. നമ്മള്‍ക്കും അതിനൊക്കെ കഴിയുമെന്ന വിശ്വാസം ഉണ്ടാവുകയാണ് പ്രധാനം. ആ വിശ്വാസം വന്നതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഗുസ്തിതാരങ്ങള്‍ മുമ്പൊന്നും ഇല്ലാത്ത രീതിയിലുള്ള ആത്മ വിശ്വാസത്തോടെ മുന്നോട്ടു വരുന്നുണ്ട്. ഒരുകാര്യം നമ്മള്‍ ഓര്‍ക്കണം. സ്വതന്ത്ര ഇന്ത്യയില്‍ നിന്ന് ഒളിമ്പിക്‌സില്‍ ആദ്യമായി വ്യക്തിഗത മെഡല്‍ നേടിയത് ഒരു ഗുസ്തിക്കാരനാണ്. 1952-ലെ ഹെല്‍സിങ്കി ഗെയിംസിലാണ് കെ.ഡി.ജാദവ് മെഡല്‍ നേടിയത്. അതിനു ശേഷം ഏറെക്കാലം നമ്മുടെ ഗുസ്തിക്കാര്‍ക്ക് അതിനു കഴിഞ്ഞില്ല. യാദവിന്റെ മെഡല്‍ നേട്ടത്തിനു ശേഷം നമ്മുടെ പ്ലാനിങ് ശരിയായിരുന്നില്ല എന്നതു തന്നെയാണ് അതിനര്‍ഥം. ഇപ്പോള്‍ ശരിയായ ദിശയിലാണ് നമ്മള്‍ മുന്നോട്ടു പോവുന്നത്. പക്ഷേ, ഇനിയും ഏറെക്കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. 


ഗുസ്തിക്ക് നമ്മുടെ സര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നുവെന്ന് തോന്നുന്നുവോ?
ബെയ്ജിങ് ഒളിമ്പികിസില്‍ ഞാന്‍ മെഡല്‍ നേടിയ ശേഷം ഗുസ്തിക്ക് ആവശ്യത്തിന് ഫണ്ട് ലഭിക്കുന്നുണ്ട്. ലണ്ടനില്‍ എനിക്കു പുറമെ യോഗേശ്വര്‍ ദത്തുകൂടി മെഡല്‍ നേടിയപ്പോള്‍ ഗുസ്തിയില്‍ നമ്മുടെ സാധ്യത എത്ര വലുതാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ ഫലവും ഇപ്പോള്‍ കാണുന്നു. മികച്ച പരിശീലന സൗകര്യം വളര്‍ന്നു വരുന്ന ഗുസ്തിക്കാര്‍ക്ക് നല്‍കുന്നു. ഓരോ സ്‌പോര്‍ട്‌സിലും ഇതേപോലെ നേട്ടങ്ങള്‍ ഉണ്ടായാല്‍ ആ രംഗത്തേയ്ക്ക് സര്‍ക്കാറിന്റേയും വലിയ കോര്‍പ്പറേറ്റ് കമ്പനികളുടേയും ശ്രദ്ധ പതിയും.  


ക്രിക്കറ്റില്‍ ഐ.പി.എല്‍ കൊണ്ടും ഫുട്‌ബോളില്‍ ഐ.എസ് .എല്‍ കൊണ്ടും ഉണ്ടായ നേട്ടം ഗുസ്തിയിലും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവോ?
സത്യത്തില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി എന്നീ ഗെയിമുകളെപ്പോലെ  ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന സ്‌പോര്‍ട്‌സാണ് ഗുസ്തി. ഗുസ്തിയില്‍ ശരിയായ രീതിയില്‍ ഒരു പ്രൊഫഷണല്‍ ലീഗുണ്ടായാല്‍ നമ്മുടെ രാജ്യത്തിന് അത് ഗുണം ചെയ്യും. ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസിലും ഒളിമ്പികിസിലും കിട്ടുന്ന മെഡലുകള്‍ ഇരട്ടിയാവും. ക്രിക്കറ്റു പോലെ നമ്മുടെ മറ്റ് സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കും പ്രാധാന്യവും പിന്തുണയും ലഭിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള പരിശ്രമം ഇപ്പോള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. സര്‍ക്കാറിന്റെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ആവശ്യം. ഗുസ്തിപോലുള്ള മാര്‍ഷല്‍ ആര്‍ട്‌സുകളില്‍ നമുക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. 


ഇറാന്‍, റഷ്യ, യുക്രെയ്ന്‍, അമേരിക്ക, ജോര്‍ജിയ, ബലാറസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള റസ്‌ലര്‍മാരാണ് അന്താരാഷ്ട്രവേദികളില്‍ നമുക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. അവിടങ്ങളില്‍ റസ്‌ലിങ്ങിന് ലഭിക്കുന്ന പ്രാധാന്യമാണ് നിര്‍ണായകം. അങ്ങനെയൊരു റസ്‌ലിങ് ജ്വരം നമ്മുടെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായി വരണം. ഡല്‍ഹിയിലും ഹരിയാണയിലും യു.പി.യിലുമെല്ലാം അതുണ്ട്. രാജ്യം മുഴുവന്‍ ഗോദകളും ഗുസ്തിക്കാരും കാണികളും ഉണ്ടാവുന്ന കാലമാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. ഒളിമ്പിക് മെഡല്‍ എന്നത് രാജ്യത്തിന് വേണ്ടി മല്‍സരിക്കുന്ന എല്ലാ കായികതാരങ്ങളെയുംപോലെ എന്റെയും സ്വപ്‌നമായിരുന്നു. പക്ഷേ, എന്നെങ്കിലും അത് യാഥാര്‍ഥ്യമാവുമെന്നുള്ള ഉറപ്പ് എനിക്കുണ്ടായിരുന്നു. 


2010-ല്‍ ലോകചാമ്പ്യനായപ്പോള്‍ എന്തായിരുന്നു അവസ്ഥ ?
1998-ല്‍ ലോക കേഡറ്റ് ഗെയിംസില്‍ സ്വര്‍ണം നേടിക്കൊണ്ടായിരുന്നു എന്റെ തുടക്കം. രണ്ട് വര്‍ഷം കഴിഞ്ഞ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായി. 2003-ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടി.2005-ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെ എന്നെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. 2010-ലെ ലോക ചാമ്പ്യന്‍ഷിപ്പിന് പോവുമ്പോഴേക്കും വിജയങ്ങള്‍ എനിക്ക് ശീലമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അതിനു മുമ്പ് ഗുസ്തിയില്‍ ഇന്ത്യക്കാരാരും ലോകചാമ്പ്യനായിരുന്നില്ല. അതുകൊണ്ട് തന്നെ ചാമ്പ്യന്‍ പട്ടം കിട്ടിയപ്പോള്‍ വലിയ അഭിമാനവും സന്തോഷവും തോന്നി. ഒളിമ്പിക്‌മെഡല്‍ പോലെതന്നെ ലോക ചാമ്പ്യനെന്ന പദവിയും ഏറെ വിലപിടിച്ചതാണ്. ആദ്യമായി ലോകചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ നിമിഷങ്ങള്‍ ജീവിതാവസാനംവരെ എന്റെ കൂടെയുണ്ടാവും.


ഗുസ്തിയല്ലാതെ മറ്റേതെങ്കിലും സ്‌പോര്‍ട്‌സില്‍ താല്‍പര്യമുണ്ടോ?
ഫുട്‌ബോളും കബഡിയും താല്‍പര്യത്തോടെ കാണാറുണ്ട്. കബഡി കളിക്കാന്‍ ഇഷ്ടമാണ്. പക്ഷേ, റസ്‌ലിങ് പരിശീലനം കാരണം സമയം കിട്ടാറില്ല. ഇന്ത്യ ഹോക്കി കളിക്കുമ്പോള്‍ പരമാവധി കാണാന്‍ ശ്രമിക്കും. ഇന്ത്യ-പാകിസ്താന്‍ മല്‍സരമാണെങ്കില്‍ പ്രത്യേകിച്ചും.


വിജയരഹസ്യം അങ്ങനെയൊന്നുണ്ടോ?
അച്ചടക്കം. ഒരു കായിക താരത്തിന് ഏറ്റവും അനിവാര്യമായ ഗുണമാണെന്ന് ഞാന്‍ കരുതുന്നു. ഒരിക്കലും എന്റെ പരിശീലകരെ നിരാശപ്പെടുത്താറില്ല. അവര്‍ നിര്‍ദേശിക്കുന്നത് അതേപടി ചെയ്യും. പിന്നെ ഏത് ജോലി ചെയ്യുമ്പോഴും മുഴുവനായും അതിനായി സമര്‍പ്പിക്കണമെന്നതാണ് ജീവിതം എന്നെ പഠിപ്പിച്ച പാഠം. ഏഴാം ക്ലാസ് തൊട്ട് തുടങ്ങിയതാണ് പരിശീലനം. പിന്നീട് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലും അതു തുടര്‍ന്നു. എന്നെ പരിശീലിപ്പിച്ച കോച്ചുമാരോട് ചോദിച്ചു നോക്കുക, എന്നെങ്കിലും ഞാന്‍ അവര്‍ പറഞ്ഞത് ചെയ്യാതിരുന്നിട്ടുണ്ടോ എന്ന്. 


താങ്കളുടെ മെഡല്‍ നേട്ടത്തിനു ശേഷം ഗുസ്തിയില്‍ ഉണര്‍വുണ്ടായതായി തോന്നുന്നുവോ?
തീര്‍ച്ചയായും. ഹരിയാണയിലും ഡല്‍ഹിയിലുമെല്ലാം. ഏഴും എട്ടും വയസ്സുള്ള കുട്ടികള്‍ തികഞ്ഞ ഗൗരവത്തോടെ ഗുസ്തി പരിശീലിക്കുന്നത് കാണുമ്പോള്‍ ഞാനനഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. 


നമ്മുടെ വനിതാ റസ്‌ലര്‍മാരെ എങ്ങനെ കാണുന്നു?
വനിതാ റസ്‌ലര്‍മാരും വലിയ പുരോഗതി കൈവരിക്കുന്നതായി തോന്നുന്നു. പ്രത്യേകിച്ചും വിനേഷ് ഫോഗട്ട് വലിയ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ളവളാണ്. 


കുടുംബത്തെ കുറിച്ച് പറയാമോ ?
2011-ലാണ് ഞാന്‍ വിവാഹിതനായത്. ഭാര്യയുടെ പേര് സാവി സോളങ്കി. ഞങ്ങള്‍ക്ക് രണ്ട് ആണ്‍ കുട്ടികളുണ്ട്. ഇരട്ടകളാണ്. സുവര്‍ണും സുവീറും. നിരന്തരമായ മല്‍സരങ്ങളും പരിശീലനവും കാരണം കുടുംബത്തോടൊപ്പം അധികം സമയം ചിലവഴിക്കാനാവുന്നില്ല. 


പുതിയ ഗുസ്തിക്കാരെ കണ്ടെത്തുന്നതിന് സുശീല്‍ എന്തെങ്കിലും ചെയ്യുന്നുവോ?
തീര്‍ച്ചയായും, ഹരിയാണ സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി തന്നിട്ടുണ്ട്. അവിടെ ഒരു റസ്‌ലിങ് അക്കാദമി ഉണ്ടാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. നമ്മുടെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക പരിശീലനം നല്‍കുകയാണ് ലക്ഷ്യം. റസ്‌ലിങ്ങിന് പുറമെ ബോക്‌സിങ്ങിലും ട്രെയ്‌നിങ് സൗകര്യം എന്റെ അക്കാദമിയിലുണ്ടാവും.


ഒഴിവുസമയം എങ്ങനെ ചെലവിടുന്നു, സിനിമ കാണാറുണ്ടോ? 
സമയം കിട്ടാറില്ല. എങ്കിലും മേരികോമിനെ കുറിച്ചുള്ള സിനിമ കണ്ടു. കഠിനാധ്വാനത്തിലൂടെ വളര്‍ന്നുവന്ന് ലോകത്തിന്റെ നെറുകയിലെത്തിയ ഒരു കായികതാരത്തിന് നല്‍കാവുന്ന വലിയ ആദരമാണ് ആ സിനിമ. പിന്നെ ഇപ്പോള്‍ എന്റെ ജീവിതത്തില്‍ പരിശീലനവും അതിനുശേഷം വിശ്രമവും മാത്രമാണ്.