വഴി ചോദിച്ച് ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. ഒളിമ്പ്യന്‍ ശ്രീജേഷ് റോഡ് എന്ന ബോര്‍ഡ് കണ്ട് കാര്‍ തിരിക്കുമ്പോള്‍ മുന്നിലതാ കേരളത്തിന്റെ പുതിയ 'അര്‍ജുന'ന്‍. അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങിവരുന്ന വഴിയാണ്. അര്‍ജുന പുരസ്‌കാരത്തിന്റെ സന്തോഷം പങ്കുവെച്ച് നാട്ടുകാര്‍ സ്ഥാപിച്ച വലിയ ഫഌക്‌സ് ബോര്‍ഡിന്റെ അരികിലൂടെ നടന്നുപോകുമ്പോള്‍ ആരൊക്കെയോ വന്ന് ശ്രീജേഷിന്റെ കൈകള്‍ പിടിച്ചുകുലുക്കുന്നു. എല്ലാവരോടും സന്തോഷം പങ്കിട്ട് വയല്‍ത്തീരത്തെ വീട്ടിലേക്ക് കയറുമ്പോള്‍ അവിടെയും കാത്തിരിക്കുന്നുണ്ട് ഒരുപാടുപേര്‍. എല്ലാവര്‍ക്കും ലഡുവിന്റെ മധുരം സമ്മാനിച്ച് അച്ഛന്‍ രവീന്ദ്രനും അമ്മ ഉഷയും പൂമുഖത്തുണ്ട്.

'അര്‍ജുന'ന്റെ  ബൈറ്റിന് വേണ്ടി കാത്തിരുന്ന ചാനലുകാര്‍ ശ്രീജേഷിനെ കണ്ടതും പൊതിഞ്ഞതും പെട്ടെന്നായിരുന്നു. കാമറക്കണ്ണുകള്‍ക്കുമുന്നില്‍ എല്ലാവരോടും നന്ദി പറഞ്ഞ്, സന്തോഷം പങ്കിട്ട് ശ്രീജേഷ് സംസാരിക്കുമ്പോള്‍ പൂമുഖത്തേക്ക് ഭാര്യ അനീഷ്യയെത്തി. അതോടെ ചാനലുകാര്‍ അടുത്ത വിഷ്വലിന്റെ സാധ്യതകള്‍ തേടി. അവര്‍ക്ക് കുഞ്ഞുവാവയെക്കൂടി വേണം. ശ്രീ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അകത്തേക്ക് തിരിച്ചുപോയ അനീഷ്യ മടങ്ങിവന്നത് മകള്‍ അനുശ്രീയുമായി. കുടുംബസമേതമുള്ള വിഷ്വലുകള്‍ക്കുവേണ്ടി കുറേസമയം ചെലവഴിച്ച് ശ്രീ അകത്തേക്ക് കയറി. സ്വീകരണമുറിയില്‍ ഒരുപാട് ട്രോഫികള്‍ അലങ്കരിച്ച ഷോക്കേസിനുതാഴെയിരുന്നു ശ്രീജേഷ് മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയോട് സംസാരിച്ചുതുടങ്ങി. മടിയില്‍ കുഞ്ഞുവാവ ചിരിച്ചുകൊണ്ടിരുന്നു. അര്‍ജുനയുടെ സന്തോഷം ശ്രീയുടെ മുഖത്ത് നിറഞ്ഞുനില്‍ക്കുന്നുണ്ട്.

 

പ്രതീക്ഷിച്ചിരുന്നതാണോ ഈ പുരസ്‌ക്കാരം
 ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണ്. എന്നാല്‍ ഇത്തവണ പുരസ്‌കാരം കിട്ടുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. കഴിഞ്ഞതവണയും ഹോക്കിയില്‍നിന്ന് ആരെയും പരിഗണിച്ചിരുന്നില്ല. അതുകൊണ്ട് അപേക്ഷിച്ചപ്പോഴും ചെറിയൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അര്‍ജുന  ഇത്തവണ കിട്ടുമെന്ന് ഇന്ത്യന്‍ ടീമിലെ പലരും എന്നോട് പറഞ്ഞിരുന്നു.


കിട്ടിയപ്പോള്‍ എന്തുതോന്നി
സ്‌പെയിനില്‍ കളിക്കുമ്പോഴാണ് വാര്‍ത്ത അറിയുന്നത്. എന്നും ഒരുപാട് ഭക്തിബഹുമാനങ്ങളോടെ കണ്ടിട്ടുള്ള കാര്യമാണിത്. ഇന്ത്യന്‍ കായികവേദിയിലെ പരമോന്നത പുരസ്‌കാരങ്ങളിലൊന്ന് കിട്ടിയതില്‍ ഒരുപാട് അഭിമാനമുണ്ട്. ഹോക്കി പോലൊരു ടീം ഗെയിമില്‍നിന്ന് ഇത് കിട്ടിയതില്‍ ഏറെ സന്തോഷവുമുണ്ട്.


ഹോക്കിയിലെ ഗോള്‍കീപ്പര്‍...അസ്വദിച്ച് കളിക്കാവുന്ന പൊസിഷനാണോ ഇത്
ഹോക്കിയിലെ ഗോള്‍കീപ്പറും മറ്റേത് ഗോള്‍കീപ്പറെയുംപോലെ വലിയ സമ്മര്‍ദ്ദങ്ങളുടെ നടുവിലാണ് കാവല്‍നില്‍ക്കുന്നത്. ഒരു മല്‍സരത്തില്‍ ഗോളിയുടെ പത്തോ പതിനഞ്ചോ സേവുകള്‍ നിങ്ങള്‍ കാണുന്നുണ്ടാകും. എന്നാല്‍ ഒടുവില്‍ എല്ലാ ഫോക്കസും എത്തുന്നത് ഗോളടിച്ച ആളില്‍തന്നെയാകും. എതിര്‍ ടീമിലാണെങ്കിലോ ഗോളിയെ ക്രൂശിച്ച് പരാജയത്തിന്റെ ഭാരം അയാളുടെ ചുമലില്‍ കെട്ടിവെക്കാനാകും എല്ലാവരുടെയും ശ്രമം. ഒരു പിഴവിന് വലിയ വില കൊടുക്കേണ്ടിവരുന്നതാണ് ഗോളിയുടെ എക്കാലത്തെയും വിധി.


ശ്രീജേഷ് എന്ന ഗോളിയെ സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ്
മല്‍സരത്തില്‍ സമ്മര്‍ദ്ദം ഉണ്ടാകും...പക്ഷേ നമ്മള്‍ കൂളായി കളിക്കണം. അതിന് എനിക്ക് എത്രമാത്രം സാധിക്കുന്നുണ്ടെന്നാണ് എല്ലാ മല്‍സരത്തിലും ഞാന്‍ നോക്കുന്നത്. ഗ്രൗണ്ടിലെ കോച്ചാണ് ഗോളി. മല്‍സരത്തിന്റെ സ്ഥിതി കൃത്യമായി അറിഞ്ഞ് ഗെയിം മാറ്റിക്കൊണ്ടിരിക്കേണ്ട ചുമതല ഗോളിക്കാണെന്നാണ് എന്റെ വിശ്വാസം. 


ശ്രീജേഷിന്റെ ഗോള്‍ കീപ്പിങ്ങ് മികവിലെ ഏറ്റവും വലിയ അംഗീകാരമായിരുന്നു ഏഷ്യന്‍ ഗെയിംസിലെ ഫൈനല്‍ വിജയം. എങ്ങനെയാണ് അന്ന് ഷൂട്ടൗട്ടിനെ നേരിട്ടത്
എന്റെ കായികജീവിതത്തിലെ വലിയ പരീക്ഷകളിലൊന്നാണ് അന്ന് ഞാന്‍ നേരിട്ടത്. പക്ഷേ ഷൂട്ടൗട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ നിറഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഫൈനലിന് ഇറങ്ങുംമുമ്പ് ഷൂട്ടൗട്ട് ഒരുപാട് നേരം പരിശീലിച്ചിരുന്നു. ഇന്ത്യന്‍ ടീമിലെ കളിക്കാരെ പരിശീലനത്തില്‍ പല തവണ ഞാന്‍ പരാജയപ്പെടുത്തിയിരുന്നു. നമ്മുടെ കളിക്കാരെ ബീറ്റ് ചെയ്യാമെങ്കില്‍ എതിരാളികളെ എന്തുകൊണ്ട് പരാജയപ്പെടുത്തികൂടാ...അതായിരുന്നു എന്റെ ചിന്ത. പാകിസ്താന്റെ ഷൂട്ടൗട്ടുകളെ നേരിടുമ്പോള്‍ ആ ചിന്ത മാത്രമായിരുന്നു മനസ്സില്‍. 


ഷൂട്ടൗട്ടിലെ പുതിയ നിയമങ്ങള്‍ നല്ലതാണോ
ആണെന്നാണ് എന്റെ അഭിപ്രായം. ഗോളിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ ഷൂട്ടൗട്ട്. എതിരാളിയുടെ ശരീരഭാഷ മനസ്സിലാക്കി നേരിട്ടാല്‍ പല ഷോട്ടുകളും നിങ്ങള്‍ക്ക് പരാജയപ്പെടുത്താനാകും. പുതിയ നിയമത്തില്‍ 50-50 ആണ് കളിക്കാരനും ഗോളിയും തമ്മിലുള്ള സാധ്യതകള്‍.


ഇപ്പോഴത്തെ ഇന്ത്യന്‍ ഹോക്കി ടീമിനെ എങ്ങനെ വിലയിരുത്തുന്നു
യുവത്വത്തിന്റെ ആവേശം നിറഞ്ഞ സംഘമാണിത്. ക്യാപ്റ്റന്‍ സര്‍ദാര സിങ്ങിന് 27 വയസ്സാണുള്ളത്. യുവരാജ് വാല്‍മീകിക്ക് 24. മന്‍ദീപ്‌സിങ്ങിന് 22. സുനിലിന് 25. ആകാശ്ദീപിന് 19. നോക്കൂ എത്രമാത്രം യുവാക്കളാണ് ടീമിലുള്ളത്. 28 വയസ്സുള്ള ഞാനാണ് ടീമിലെ ഏറ്റവും പ്രായമുള്ള കളിക്കാരന്‍. 24 ആണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ശരാശരി വയസ്. വ്യക്തിഗതമികവില്‍ ടീമിലെ എല്ലാവരും ഒന്നിനൊന്ന് കിടപിടിക്കുന്നവരാണ്. സംഘശക്തിയില്‍ വിശ്വസിച്ച് ഇവര്‍ അണിനിരന്നാല്‍ ലോകോത്തരടീമായി ഇന്ത്യ മാറും. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണം ടീമിന് വലിയ പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഒളിമ്പിക്‌സിലും ഈ മികവ് തുടരണമെന്ന് തീവ്രമായ ആഗ്രഹത്തിലാണ് ഞങ്ങളെല്ലാവരും.


ഒളിമ്പിക്‌സില്‍ ഇത്തവണ ഇന്ത്യ ഹോക്കിയില്‍ ഒരു മെഡല്‍ നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമോ
തീര്‍ച്ചയായും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇപ്പോള്‍ നടന്ന യൂറോപ്യന്‍ പര്യടനത്തില്‍  ഫ്രാന്‍സിനും സ്‌പെയിനിനും എതിരായ പരമ്പരകള്‍ നമ്മള്‍ വിജയിച്ചു. അടുത്തത് ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ്. അതുകഴിഞ്ഞ് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനത്തിനെത്തും. ഈ മല്‍സരങ്ങളെല്ലാം ടീമിന്റെ ഒളിമ്പിക്‌സ് ഒരുക്കങ്ങള്‍ക്കുള്ള വലിയ ഊര്‍ജ്ജമാണ്.

 

ടീം ഒരുങ്ങുമ്പോഴും കോച്ചുമാരെ സംബന്ധിച്ച ചില വിവാദങ്ങള്‍ പ്രശ്‌നമായി തുടരുന്നില്ലേ
പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ കളത്തിനുപുറത്തെ വിവാദങ്ങള്‍ മല്‍സരത്തിലേക്ക് കൊണ്ടുവരരുതെന്ന ആഗ്രഹത്തിലാണ് ടീം. ഇന്ത്യന്‍ ടീമിന് പരമാവധിനല്‍കണമെന്ന ആഗ്രഹത്തിലാണ് ഓരോ കളിക്കാരനും മല്‍സരത്തെ സമീപിക്കുന്നത്. പോള്‍ വാന്‍ ആസിന്റെ കീഴില്‍ അങ്ങനെയാണ് ഞങ്ങള്‍ കളിച്ചിരുന്നത്. ഇപ്പോള്‍ പുതിയ കോച്ച്  റോളണ്ട് ഓള്‍ട്ട്മാന്‍സിന്റെ കീഴിലും ടീമിന്റെ നയം അതുതന്നെയായിരിക്കും.


പുതിയ കോച്ച് റോളണ്ട് ഓള്‍ട്ട്മാനെയും ഇന്ത്യന്‍ ടീമിന് പുതിയ മുഖം നല്‍കിയ മുന്‍ കോച്ച് ടെറി വാല്‍ഷിനെയും എങ്ങനെയാണ് താരതമ്യം ചെയ്യുന്നത്
രണ്ടുപേരും രണ്ടുരീതിയിലാണ് മല്‍സരത്തെ സമീപിക്കുന്നത്. ഡച്ചുകാരനായ ഓള്‍ട്ട്്മാനെ ഗോള്‍ഡ്മാന്‍ എന്നാണ് എല്ലാവരും വിളിക്കാറുള്ളത്. വിജയത്തിനുവേണ്ടി ഒരു ടീം എങ്ങനെ കളിയെ സമീപിക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഓരോ കളിക്കാരനെയും കൃത്യമായി ഉപയോഗപ്പെടുത്താനും അദ്ദേഹത്തിനറിയാം. ഓസ്‌ട്രേലിയയുടെ ആക്രമണഹോക്കി ഇന്ത്യന്‍ ഹോക്കിയിലേക്ക് പ്രസരിപ്പിച്ചാണ് ടെറി വാല്‍ഷ് വന്നത്. ടീമിലെ ഓരോരുത്തരെയും മനസ്സിലാക്കിയാണ് അദ്ദേഹം പെരുമാറിയത്. കളിക്കാരുടെ ശരീരവും മനസ്സും അറിഞ്ഞാണ് അദ്ദേഹം ടീമിനെ ഒരുക്കിയത്. പരിശീലനത്തില്‍പോലും അദ്ദേഹം കൊണ്ടുവന്ന ശൈലി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. എന്റെ കരിയറില്‍ അദ്ദേഹം നിര്‍ണായകസ്വാധീനം ചെലുത്തിയിട്ടുണ്ട്. വണ്‍ടച്ച് പാസിങ്ങില്‍ ശ്രദ്ധിക്കണമെന്നായിരുന്നു അദ്ദേഹം എപ്പോഴും ഉപദേശിച്ചിരുന്നത്.


വണ്‍ടച്ച് പാസില്‍ ശ്രദ്ധിക്കുമ്പോള്‍ കളിക്കാരുടെ വ്യക്തിഗതമികവ് പ്രകടിപ്പിക്കാന്‍ കഴിയാതെ പോകില്ലേ
സ്വന്തം ഹാഫില്‍ കളിക്കുമ്പോള്‍ വണ്‍ടച്ച് പാസിങ്ങാണ് നല്ലത്. അല്ലെങ്കില്‍ എതിരാളിക്ക് പന്ത് കിട്ടാനുള്ള സാധ്യതകള്‍ കൂടും. അതേസമയം എതിര്‍ഹാഫില്‍ കടന്നുചെല്ലുമ്പോള്‍ വ്യക്തിഗതമികവിലൂടെ പന്ത് കൂടുതല്‍ നേരം നിയന്ത്രണത്തില്‍വെച്ച് കളിക്കാം. അവിടെ നിങ്ങള്‍ക്ക് പിഴച്ചാലും പന്ത് നഷ്ടപ്പെട്ടാലും അത്ര അപകടമില്ല.


ശ്രീജേഷിന്റെ അര്‍ജുന പുരസ്‌കാരം കേരളത്തിലെ ഹോക്കിക്ക് വലിയ ഉണര്‍വേകുമെന്ന് കരുതുന്നുണ്ടോ
കേരളത്തില്‍ ഹോക്കിയോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു. കായികരംഗത്തേക്ക് വരുന്ന ഏതുതാരവും ആഗ്രഹിക്കുന്നത് തീര്‍ച്ചയായും ഒരു ജോലി തന്നെയാണ്. എന്നാല്‍ കേരള ഹോക്കിയില്‍ ഇപ്പോള്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. ഹോക്കിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ കേരളം ഏറെ പിന്നിലാണ്. ഇവിടെ ഒരു ആസ്‌ട്രോ ടര്‍ഫ് വന്നതുതന്നെ ഈ വര്‍ഷമാണ്. ഹോക്കിയില്‍ വലിയ വിജയങ്ങളിലേക്ക് കേരളം പോയാലേ കാര്യങ്ങള്‍ മാറുകയുള്ളൂ.


ശ്രീജേഷിലൂടെ ആ മാറ്റത്തിന് തുടക്കമായാലോ
തീര്‍ച്ചയായും വലിയ സന്തോഷമാകും. ഒരുകാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞദിവസം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചെന്നപ്പോള്‍ അവിടത്തെ കോച്ചുമാര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പണ്ട് ഹോക്കിയില്‍ ഗോളിയാകാന്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ എന്നെ കണ്ടതോടെ കുറേപ്പേര്‍ ഗോളിയാകാന്‍ വലിയ താത്പര്യം കാണിച്ചത്രേ. ഒരു കായികതാരത്തിന് കിട്ടാവുന്ന വലിയ അംഗീകാരമല്ലേ ഈ വാക്കുകള്‍...


ശ്രീജേഷിന്റെ ചോദ്യത്തില്‍തന്നെ അതിനുളള ഉത്തരമുണ്ട്. കഠിനപ്രയത്‌നവും ആത്മാര്‍ത്ഥതയും കൈകോര്‍ത്താല്‍ ഒരുകായികതാരത്തിന് എവിടെവരെയെത്താം എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ശ്രീജേഷ്. 
അര്‍ജുന നേട്ടത്തില്‍ ഒരിക്കല്‍കൂടി അഭിനന്ദനം അറിയിച്ച് മടങ്ങുമ്പോള്‍ വഴിയരികിലെ ഫഌകസ് ബോര്‍ഡിലെ വാക്കുകള്‍ വീണ്ടും കണ്‍മുന്നില്‍ തെളിഞ്ഞു...നാടിന്റെ അഭിമാനം...നമ്മുടെ ശ്രീജേഷ്.