കൊച്ചി: ജയ്പുര്‍ രാജകുടുംബത്തിന്റെ ശുഭവിശ്വാസത്തിന്റെ പ്രതീകമായ പിങ്ക് നിറത്തിലുള്ള കുഞ്ഞുടുപ്പ് പോക്കറ്റില്‍... കൈകളില്‍ അമ്മ പൂജിച്ച് കൊടുത്തുവിട്ട പ്രസാദം... ജയകൃഷ്ണന്‍ മാഷ് പറഞ്ഞുകൊടുത്ത മന്ത്രങ്ങള്‍ മനസ്സില്‍ ഉരുവിട്ട് നീതിപീഠത്തില്‍ നില്‍ക്കുമ്പോള്‍ ശ്രീയുടെ മനസ്സ് എവിടെയൊക്കെയോ സഞ്ചരിക്കുകയായിരുന്നു. നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ നീതിദേവത സ്വാതന്ത്ര്യത്തിന്റെ പ്രകാശവുമായി തനിക്ക് മുന്നില്‍ കണ്ണുകള്‍ തുറന്നപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു ശ്രീശാന്ത്. 

വീരേന്ദര്‍ സെവാഗിന്റെയും റോബിന്‍ ഉത്തപ്പയുടെയും തോളില്‍ കൈയിട്ട് ലോക കിരീടവുമായി നില്‍ക്കുന്ന ചിത്രത്തിന് മുന്നില്‍ നിന്ന് സംസാരിക്കുമ്പോഴും ശ്രീയുടെ കണ്ണുകളില്‍ നിന്ന് ആ നനവ് മാഞ്ഞുപോയിരുന്നില്ല. ഒത്തുകളി വിവാദത്തില്‍ കുറ്റവിമുക്തനായി കൊച്ചിയില്‍ തിരിച്ചെത്തിയ ശ്രീശാന്ത് 'മാതൃഭൂമി'യോട് സംസാരിക്കുന്നു.


? വിധിനിര്‍ണായകമായ ദിനത്തിലൂടെ എങ്ങനെയാണ് കടന്നുപോയത്.
* ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ രണ്ട് വര്‍ഷങ്ങളായിരുന്നു കടന്നുപോയത്. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുവരെ കരുതിയ നിമിഷങ്ങള്‍. അതിന്റെ എല്ലാ ടെന്‍ഷനും നിറഞ്ഞ ദിനമായിരുന്നു ശനിയാഴ്ച. വിധി അറിയാന്‍ കോടതിയിലെത്തുമ്പോള്‍ മനസ്സ് വല്ലാത്ത സംഘര്‍ഷത്തിലായിരുന്നു. വിധി നീണ്ടുപോയതോടെ ക്രിക്കറ്റ് നിര്‍ത്തിയാലോ എന്നുവരെ വിചാരിച്ചതാണ്. പക്ഷേ, ദൈവം എന്നോടൊപ്പമുണ്ടായിരുന്നു. ഒരുപാടു പേരുടെ പ്രാര്‍ത്ഥനകളുടെ ഫലമാണ് ഈ വിധി.

? പ്രാര്‍ത്ഥനകളുടെ ഫലപ്രാപ്തിയില്‍ മനസ്സില്‍ നിറഞ്ഞ വികാരമെന്തായിരുന്നു
* മൂന്നു മാസം പ്രായമുള്ള എന്റെ മകള്‍ ശ്രീക്കുട്ടി ജനിച്ച ഉടനെ ധരിച്ച പിങ്ക് നിറത്തിലുള്ള കുഞ്ഞുടുപ്പുമായാണ് ഞാന്‍ കോടതിയിലെത്തിയത്. കുട്ടിയുടെ ആദ്യവസ്ത്രം ശുഭകാര്യങ്ങളിലേക്ക് എത്തിക്കുമെന്നാണ് രാജകുടുംബത്തിലെ വിശ്വാസം. അമ്മ തന്ന പ്രസാദവും കൈയില്‍ പിടിച്ച് പ്രാര്‍ത്ഥനാ മന്ത്രങ്ങളും ഉരുവിട്ടാണ് കോടതിയില്‍ നിന്നത്. വിധി അറിഞ്ഞപ്പോള്‍ അറിയാതെ എന്റെ കൈകള്‍ പാന്റിന്റെ പോക്കറ്റിലെ കുഞ്ഞുടുപ്പ് മുറുകെപ്പിടിച്ചു. ആശ്വാസവും സന്തോഷവും സങ്കടവും ഒക്കെ അപ്പോള്‍ മനസ്സിലുണ്ടായിരുന്നു. 

? ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് എന്തൊക്കെ ശ്രമങ്ങളാണ് നടത്തുന്നത്.
* കേരള ക്രിക്കറ്റ് അസോസിയേഷനാണ് ആദ്യം വാതില്‍ തുറക്കേണ്ടത്. രഞ്ജി ട്രോഫി അടക്കം ഒരുപാട് ആഭ്യന്തര മത്സരങ്ങള്‍ വരാനുണ്ട്. അവസരം കിട്ടിയാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തണമെന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് വളരെ അകലെയാണെന്നറിയാം. എന്നാല്‍, കേരള ക്രിക്കറ്റ് അത്ര ദൂരെയല്ല. എന്നില്‍ ക്രിക്കറ്റ് ഉള്ളിടത്തോളം എനിക്ക് പ്രതീക്ഷകളുമുണ്ട്. 

? പരിശീലനത്തിന്റെ അഭാവം പ്രശ്‌നമാകുമെന്ന് കരുതുന്നുണ്ടോ
* ഞാന്‍ ഇതുവരെ പരിശീലനം മുടക്കിയിട്ടില്ല. അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പരിശീലനത്തിന് വിലക്കുണ്ടായിരുന്നു. അപ്പോഴും ഇടപ്പള്ളിയിലെ സ്‌കൂള്‍ മൈതാനത്ത് ഞാന്‍ കളിക്കുമായിരുന്നു. സെലിബ്രിറ്റി ലീഗില്‍ ദിലീപ് വെങ്‌സര്‍ക്കര്‍ക്കൊപ്പം തെലുഗു വാരിയേഴ്‌സിനൊപ്പം കളിക്കാന്‍ പറ്റി. കൊച്ചിന്‍ മ്യൂസിക് ക്രിക്കറ്റ് ടീമിലും കളിച്ചിരുന്നു. കുറ്റാരോപിതനായി നിന്ന കാലത്ത് ചെറിയ ചെറിയ മാച്ചുകളാണെങ്കിലും ഇതുപോലെ കുറേ ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ അവസരം കിട്ടി. ഇതെല്ലാം കളിയോടുള്ള ആവേശം കൊണ്ട് കളിച്ചതാണ്. ഇനി ടെന്നീസ് ബോളില്‍ കളിച്ച് തുടങ്ങാനാണെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്. 

? കേരള ക്രിക്കറ്റ് അസോസിയേഷനുമായി സംസാരിച്ചിരുന്നോ
* കെ.സി.എ. പ്രസിഡന്റ് മാത്യു സാര്‍ വിളിച്ചിരുന്നു. സെക്രട്ടറി അനന്തനാരായണനും മറ്റും ഇന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. അസോസിയേഷന്‍ തരുന്ന പിന്തുണയില്‍ വലിയ വിശ്വാസമുണ്ട്. വാതിലുകള്‍ തുറക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

? പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു
* ജീവിതത്തിലെ വലിയ പാഠങ്ങളാണ് ആ സമയത്ത് ഞാന്‍ പഠിച്ചത്. ശ്രീശാന്ത് എന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ എവിടെയായിരുന്നെന്ന് ആ സമയത്ത് ആരും അറിഞ്ഞിരുന്നില്ല. കുറച്ചുപേര്‍ മാത്രമാണ് അപ്പോള്‍ കൂടെയുണ്ടായിരുന്നത്. ഇടപ്പള്ളി സ്‌കൂളിലെ മൈതാനത്ത് എന്നോടൊപ്പം കളിക്കാന്‍ വന്ന സേവ് ശ്രീശാന്ത് ഫോറം പ്രവര്‍ത്തകരെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. 

? കുടുംബം തന്ന പിന്തുണയും സ്‌നേഹവും എത്രമാത്രമായിരുന്നു
* വാക്കുകള്‍ക്ക് അപ്പുറത്താണത്. എല്ലാവരും ഒറ്റപ്പെടുത്തിയ കാലത്ത് സ്‌നേഹത്തോടെ കൈപിടിച്ച ഭാര്യ ഭുവനകുമാരി... ജയിലില്‍ നിന്ന് തിരിച്ചെത്തിയ സമയത്ത് ഉറക്കം കിട്ടാത്ത രാത്രികളില്‍ പാട്ടുപാടി കൂട്ടിരുന്ന മധുവേട്ടന്‍. പ്രാര്‍ത്ഥനകളോടെ ആശ്വസിപ്പിച്ച അച്ചനും അമ്മയും സഹോദരങ്ങളും. ജീവിതം ഇങ്ങനെയുമാണെന്നറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.

? ഈ പ്രായത്തില്‍ ഇന്ത്യക്കു വേണ്ടി ഇനിയും കളിക്കാനാകുമെന്ന് കരുതുന്നുണ്ടോ
* ഓസീസ് താരം ബ്രാഡ് ഹോഗിന് 40-ാം വയസ്സില്‍ ലോകകപ്പ് കളിക്കാമെങ്കില്‍ 32 കാരനായ ശ്രീശാന്തിന് മുന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റുണ്ട്. ഇപ്പോഴും നടന്ന് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്ന അച്ഛന്റെ മകനാണ് ഞാന്‍. എന്റെ വിശ്വാസങ്ങള്‍ എന്നും പ്രതീക്ഷകള്‍ നിറഞ്ഞതാണ്.