മഞ്ഞക്കുപ്പായക്കാരുടെ നടുവിലായിരുന്നു ഒരുപാട് നേരം സൗരവ് ഘോഷാല്‍. സ്‌ക്വാഷില്‍ വിജയമധുരവുമായി ഇറങ്ങിവരുമ്പോള്‍ ഘോഷാലിനൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ മഞ്ഞക്കുപ്പായമിട്ട വളന്റിയര്‍മാരുടെ വന്‍ തിരക്ക്. ആരെയും ഘോഷാല്‍ നിരാശപ്പെടുത്തിയില്ല. ഫോട്ടോ സെഷന്‍ കഴിഞ്ഞ് വീണ്ടും സ്‌ക്വാഷ് കോര്‍ട്ടിലേക്ക്. അതിനിടയില്‍ 'മാതൃഭൂമി'ക്കുവേണ്ടി അല്പ സമയം ചോദിച്ചപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ സമ്മതം.

?പ്രതീക്ഷിച്ച സ്വര്‍ണനേട്ടത്തിലെത്താന്‍ കുറച്ചു വെല്ലുവിളി നേരിടേണ്ടിവന്നോ


തീര്‍ച്ചയായും. വെല്ലുവിളികളില്ലാതെ മത്സരമില്ല. ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ഞാന്‍ തിരിച്ചുവന്നത്. ഹരീന്ദര്‍പാല്‍ മികച്ച കളിയാണ് പുറത്തെടുത്തത്. ചാമ്പ്യന്‍ഷിപ്പിലുടനീളം കുറേ യുവതാരങ്ങളുടെ പോരാട്ടവീര്യവും കണ്ടതാണ്.

?ഫൈനല്‍തന്നെയായിരുന്നോ കടുത്ത വെല്ലുവിളി


ഫൈനലില്‍ വെല്ലുവിളി പ്രതീക്ഷിച്ചതുതന്നെയാണ്. തമിഴ്‌നാടിനുവേണ്ടിത്തന്നെയാണ് ഹരീന്ദറും ഇറങ്ങിയത്. അദ്ദേഹത്തിന്റെ കളിയും മികവും എനിക്കറിയാം. തമിഴ്‌നാടിനുതന്നെ സ്വര്‍ണവും വെള്ളിയും കിട്ടിയതിലും സന്തോഷമുണ്ട്.

? കേരള താരങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം


കേരള താരങ്ങളെ ഞാന്‍ കണ്ടിരുന്നു. ഒരാള്‍ രണ്ടാം റൗണ്ടിലെത്തിയതല്ലേ. കൂടുതല്‍ സൗകര്യങ്ങള്‍ കൊടുത്താല്‍ മികച്ച താരങ്ങളുണ്ടാകും. ബാഡ്മിന്റണില്‍ നിങ്ങള്‍ക്ക് ഒരുപാട് മികച്ച താരങ്ങളില്ലേ. സ്‌ക്വാഷിലും അതു പ്രതീക്ഷിക്കാം.
ലോക റാങ്കിങ്ങില്‍ ആദ്യ പത്ത് പ്രതീക്ഷിക്കുന്നുണ്ടോ
അതിനുവേണ്ടിയാണ് എന്റെ എല്ലാ ശ്രമങ്ങളും. ഇപ്പോള്‍ ഞാന്‍ 21-ാം റാങ്കിലാണ്. ചാമ്പ്യന്‍ഷിപ്പുകള്‍ മുന്നിലുണ്ട്. മികച്ച പ്രകടനംതന്നെയാണ് ലക്ഷ്യമിടുന്നത്.


? ഇന്ത്യക്ക് സ്‌ക്വാഷില്‍ അത്ര വലിയ സാധ്യതകളുണ്ടോ


തീര്‍ച്ചയായും. നമുക്ക് പറ്റിയ കളിയാണിത്. പത്തുതവണ ബ്രിട്ടീഷ് ഓപ്പണ്‍ നേടിയ പാകിസ്താന്റെ ജഹാംഗീര്‍ ഖാനെ നിങ്ങള്‍ മറന്നോ. അതുപോലെയുള്ള ചാമ്പ്യന്‍മാര്‍ ഇവിടെനിന്നുണ്ടാകുമെന്നാണ് കരുതുന്നത്.

? കേരളത്തില്‍ വന്ന് നേടിയ ഈ വിജയം എത്രത്തോളം ആസ്വദിക്കുന്നു


കേരളത്തിലെ കാണികള്‍ നല്ല പിന്തുണയാണ് നല്‍കിയത്. മികച്ച കളി ഇഷ്ടപ്പെടുന്ന ആളുകളാണ് ഇവിടെയുള്ളത്. ദേശീയ ഗെയിംസിലെ വിജയം തീര്‍ച്ചയായും ഏറെ ആസ്വദിക്കുന്ന ഒന്നാണ്.