അള്‍ജിയേഴ്സ്: റാങ്കിങ്ങില്‍ താഴെയുള്ള ടെന്നീസ് താരങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ടതില്ലെന്ന നിലപാടെടുത്ത ഡൊമിനിക് തീമിനെതിരേ വികാരനിര്‍ഭരമായ വീഡിയോ പോസ്റ്റ് ചെയ്ത് അള്‍ജീരിയന്‍ താരം ഐനസ് ഇബോയു. തന്നെപ്പോലുള്ള കളിക്കാര്‍ ജീവിക്കാന്‍ പെടാപ്പാടുപെടുകയാണെന്നും തീമിന്റെ നിലപാട് വേദനിപ്പിച്ചെന്നും ഒമ്പതുമിനിറ്റ് വീഡിയോയില്‍ ഇബോയു പറഞ്ഞു.
ലോക മൂന്നാംനമ്പര്‍ താരമാണ് ഓസ്ട്രിയയുടെ തീം. അതേസമയം, വനിതാ ടെന്നീസ് റാങ്കിങ്ങില്‍ 620-ാം സ്ഥാനത്താണ് 21-കാരിയായ ഇബോയു. കൊറോണവൈറസ് പടര്‍ന്നതോടെ ടെന്നീസ് ടൂര്‍ണമെന്റുകളെല്ലാം ലോകമെങ്ങും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈസാഹചര്യത്തില്‍ താഴെത്തട്ടിലുള്ള താരങ്ങള്‍ക്കായി ഒരു സാമ്പത്തികസഹായപദ്ധതി ടെന്നീസ് സംഘടനകള്‍ ആലോചിക്കുകയാണ്. റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് തുടങ്ങിയ പ്രമുഖര്‍ പിന്തുണയും പ്രഖ്യാപിച്ചു. ഇതിനെതിരേയാണ് തീം രംഗത്തുവന്നത്.
''അവരൊന്നും പട്ടിണികിടക്കാന്‍ പോകുന്നില്ല. അവരില്‍ ഭൂരിഭാഗവും ടെന്നീസില്‍ ഉയരങ്ങളിലെത്തില്ല. കാരണം, എല്ലാറ്റിനും മീതെ അവര്‍ സ്‌പോര്‍ട്സിനെ കാണുന്നില്ല. പിന്നെന്തിനാണ് പണം കൊടുക്കുന്നത്. സഹായം ആവശ്യമുള്ള സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പണം കൊടുക്കാനാണ് എനിക്ക് താത്പര്യം'' - ഇതായിരുന്നു തീമിന്റെ പരാമര്‍ശങ്ങള്‍.
ഇതിനോട് ഇബോയു വീഡിയോയിലൂടെ പ്രതികരിച്ചത് ഇങ്ങനെ:
ഒരു ആഫ്രിക്കന്‍ താരത്തിന്റെ ജീവിതം എത്ര കടുപ്പമാണ് എന്ന് നിങ്ങള്‍ക്ക് അറിയുമോ തീം. എന്റേതുപോലുള്ള രാജ്യത്തുനിന്ന് ഒരു അത്ലറ്റ് ലോകനിലവാരത്തോളം വളരുക വലിയ വെല്ലുവിളിയാണ്. നിങ്ങള്‍ ഒരു മായികലോകത്തുനിന്ന് വരുന്നയാളാണ്. നിങ്ങളുടെ മാതാപിതാക്കള്‍ ടെന്നീസ് പരിശീലകരാണ്. ഞാനൊരു സാധാരണ കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയാണ്. എന്റെ മാതാപിതാക്കള്‍ക്ക് ടെന്നീസുമായി ഒരു ബന്ധവുമില്ല. ഏത് രാജ്യത്ത്, ഏത് സാഹചര്യത്തില്‍ ജനിക്കണമെന്ന് നമുക്ക് തീരുമാനിക്കാനാവില്ലല്ലോ.
എനിക്കൊരു കോച്ചിനെ വെക്കാന്‍ നിര്‍വാഹമില്ല. എങ്ങനെ അരിഷ്ടിച്ചുകഴിയാം എന്നാണ് ചിന്ത. മത്സരങ്ങള്‍ക്കായ് ഏകാന്തമായ് ഞാന്‍ യാത്രചെയ്യുന്നു. കുറഞ്ഞ വിമാനടിക്കറ്റുകള്‍ക്കായ് ശ്രമിക്കുന്നു. അള്‍ജീരിയക്കാരി എന്ന നിലയില്‍ വിസ പ്രശ്‌നങ്ങളുമുണ്ട്. സ്‌പോണ്‍സര്‍മാരൊന്നും എന്റെ രാജ്യത്ത് ഇപ്പോഴില്ല. കളിക്കാരെ സഹായിക്കുക എന്നുപറഞ്ഞാല്‍ കളിയെ നിലനിര്‍ത്താനുള്ള സഹായംകൂടിയാണത്. മറ്റൊന്നും നിങ്ങളോട് ആവശ്യപ്പെടുന്നില്ല, അല്‍പം ബഹുമാനം, അതുമാത്രം മതി.
വീഡിയോ പുറത്തുവന്നതിനുപിന്നാലെ രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും വലിയ പിന്തുണയാണ് ഇബോയുവിന് ലഭിക്കുന്നത്. നിങ്ങള്‍ എന്റെ ഹീറോ ആണെന്നായിരുന്നു അമേരിക്കന്‍ താരം വീനസ് വില്യംസിന്റെ പ്രതികരണം. ഇബോയുവിനെപോലുള്ള ഒരു താരത്തെ രാജ്യം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദെല്‍മാജിദ് തെബോണ്‍ പറഞ്ഞു.
Content Highlights: Young Algerian Player's Emotional Reply To Dominic Thiem