ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്ല്യംസ്-ആഞ്ജലിക് കെര്‍ബര്‍ പോരാട്ടം. 11-ാം സീഡ് കെര്‍ബര്‍ 12-ാം സീഡ് ഒസ്റ്റാപെങ്കോയെ തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ജര്‍മന്‍ താരം ജൂലിയ ജോര്‍ജെസിനെതിരെ ആയിരുന്നു സെറീനയുടെ  വിജയം.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇരുവരുടേയും വിജയം. ജൂലിയയെ 6-2, 6-4ന് സെറീന അനായാസം കീഴടക്കിയപ്പോള്‍ ഒസ്റ്റാപെങ്കോയെ 6-3,6-3നാണ് കെര്‍ബര്‍ തോല്‍പ്പിച്ചത്. ശനിയാഴ്ച്ചയാണ് ഫൈനല്‍ നടക്കുക. 2016 വിംബിള്‍ഡണ്‍ ഫൈനലിലും സെറീന-കെര്‍ബര്‍ പോരാട്ടമാണ് നടന്നത്. അന്ന് സെറീനയോടേറ്റ തോല്‍വിക്ക് കെര്‍ബറിന് പകരം വീട്ടാനുള്ള അവസരം കൂടിയായിരുന്നു അത്. 

വിംബിള്‍ഡണ്‍ കൂടി നേടിയാല്‍ സെറീനയുടെ 24-ാം ഗ്രാന്‍സ്ലാം കിരീടമാകും അത്. ഒപ്പം അമ്മയായ ശേഷമുള്ള ആദ്യ ഗ്രാന്‍സ്ലാം കിരീടം കൂടിയാകും. രണ്ടു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള കെര്‍ബര്‍ രണ്ടാം തവണയാണ് വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്. 2016ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും യു.എസ് ഓപ്പണും കെര്‍ബര്‍ നേടിയിരുന്നു. 

Content Highlights: Wimbledon Women Singles Final Serena Williams vs Angelique Kerber