ലണ്ടൻ: വിംബിൾഡണിൽ സ്വിസ് ഇതിഹാസതാരം റോജർ ഫെഡറർക്ക് ഞെട്ടിക്കുന്ന തോൽവി. ക്വാർട്ടർ ഫൈനലിൽ 14-ാം സീഡ് പോളിഷ് താരം ഹുബേർട്ട് ഹുർകാച്ച് ആണ് ഫെഡററെ പരാജയപ്പെടുത്തിയത്. സ്കോർ: 6-3,7-6,6-0.

റാഫേൽ നദാലിന് ശേഷം 6-0ത്തിന് ഫെഡററെ വീഴ്ത്തുന്ന താരമെന്ന റെക്കോഡ് ഹുർകാച്ചും സ്വന്തമാക്കി.

എട്ടു തവണ വിംബിൾഡൺ ചാമ്പ്യനായ ഫെഡററുടെ 119 മത്സരങ്ങളിൽ നിന്നുള്ള 14-ാമത്തെ തോൽവിയാണിത്. 2002-ന് ശേഷം നേരിട്ടുള്ള സെറ്റുകൾക്കുള്ള ആദ്യ തോൽവിയും ഇതു തന്നെയാണ്. അന്ന് മരിയോ അൻസികിനോട് ആദ്യ റൗണ്ടിലാണ് പരാജയപ്പെട്ടത്.

പരിക്കിന്റെ പിടിയിലായും പ്രായക്കൂടുതലും ഫെഡററുടെ പോരാട്ടത്തിൽ കണ്ടു. 18 മാസത്തിന്റെ ഇടവേളയിൽ കാലിലെ പരിക്കിന് ഒന്നിലധികം തവണ ഫെഡറർ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 2020 മുതൽ ഇതുവരെ 13 മത്സരങ്ങൾ മാത്രമാണ് സ്വിസ് താരം കളിച്ചത്. വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡും സ്വിസ് താരം സ്വന്തമാക്കിയിരുന്നു. അഞ്ച് ആഴ്ച്ചകൾ കഴിഞ്ഞാൽ സ്വിസ് താരം 40-ാം ജന്മദിനം ആഘോഷിക്കും.

ഫെഡററുടെ കരിയറിൽ ഇനി ഒരു വിംബിൾഡൺ മത്സരമുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ സ്വിസ് താരം ഇതിനെ കുറിച്ച് പ്രതികരിച്ചു. ഇപ്പോൾ ഒന്നും അറിയില്ലെന്നും വളരെ ആലോചിച്ച ശേഷം, ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഫെഡറർ വ്യക്തമാക്കി.

അതേസമയം ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ച് വിംബിൾഡൺ സെമി ഫൈനലിലെത്തി. ദ്യോക്കോവിച്ചിന്റെ പത്താം വിംബിൾഡൺ സെമിയാണിത്. ഹംഗറിയുടെ മാർട്ടൻ ഹുസ്കോവിക്സിനെ തോൽപ്പിച്ചാണ് ദ്യോക്കോവിച്ചിന്റെ മുന്നേറ്റം. സ്കോർ: 6-3,6-4,6-4.

Content Highlights: Wimbledon Tennis Roger Federer Shock Exit