ലണ്ടന്‍: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ റാഫേല്‍ നഡാലിനെ തോല്‍പിച്ച് നൊവാക് ദ്യോകോവിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍. അഞ്ചു സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ ടൈബ്രേക്കറിലാണ് 12-ാം സീഡുകാരാനായ ദ്യോക്കോ രണ്ടാം സീഡിലുള്ള നഡാലിനെ തോല്‍പിച്ചത്. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദ്യോക്കോവിച്ച ഒരു ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്. 

ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണാണ് ദ്യോക്കോവിച്ചിന്റെ എതിരാളി. ജോണ്‍ ഇസ്‌നറെ ആറു മണിക്കൂറും 35 മിനിറ്റും സമയമെടുത്ത് തോല്‍പിച്ചാണ് ആന്‍ഡേഴ്‌സണ്‍ ഫൈനലിന് യോഗ്യത നേടിയത്. അവസാന സെറ്റ് മാത്രം രണ്ടു മണിക്കൂറും 50 മിനിറ്റും നീണ്ടു നിന്നു. വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ മത്സരമായിരുന്നു ഇത്. 

ഈ മത്സരം പ്രതീക്ഷിച്ചതിലും കൂടുതൽ സമയം അപഹരിച്ചതിനെ തുടര്‍ന്ന് ദ്യോക്കോവിച്ച്-നഡാല്‍ രണ്ടാം സെമിഫൈനലിന്റെ രണ്ട് സെറ്റ് മാത്രമാണ് വെള്ളിയാഴ്ച്ച നടന്നത്. ബാക്കി മത്സരം ശനിയാഴ്ച്ച തുടരുകയായിരുന്നു. സ്‌കോര്‍: 6-4, 3-6, 7-6 (11-9), 3-6, 10-8.  ദ്യോക്കോയും നഡാലും തമ്മിലുള്ള സെമിഫൈനല്‍ അഞ്ച് മണിക്കൂറും 16 മിനിറ്റുമാണ് നീണ്ടുനിന്നത്.

Content Highlights: Wimbledon Tennis 2018 Novak Djokovic vs Rafael Nadal Semi Final