ലണ്ടൻ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗ്രാൻസ്ലാമിലെ ഏക പുൽകോർട്ട് ടൂർണമെന്റായ വിംബിൾഡൺ ജൂൺ 29-നാണ് തുടങ്ങേണ്ടിയിരുന്നത്.

അടുത്ത വർഷത്തെ ടൂർണമെന്റിന്റെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 28 മുതൽ ജൂലൈ 11 വരെ 2021-ലെ ടൂർണമെന്റ് നടക്കുമെന്ന് വിംബിൾഡണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിൾഡൺ റദ്ദാക്കിയിട്ടുള്ളത്. 1914-ലും 1947-ലുമായിരുന്നു ഇത്.

വിംബിൾഡൺ റദ്ദാക്കിയതോടെ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കൊറോണയെത്തുടർന്ന് നീട്ടിവെച്ചിരുന്നു.

പുരുഷ സിംഗിൾസിൽ നൊവാക് ദ്യോകോവിച്ചും വനിതാ സിംഗിൾസിൽ സിമോണ ഹാലെപുമാണ് നിലവിലെ ചാമ്പ്യൻമാർ. ടൂർണമെന്റ് റദ്ദാക്കിയതിൽ സങ്കടമുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉചിതമായ തീരുമാനം അതു തന്നെയാണെന്നും സിമോണ ഹാലെപ് ട്വീറ്റ് ചെയ്തു. അടുത്ത വർഷം മികച്ച പോരാട്ടം കാഴ്ച്ചവെയ്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സിമോണ പറയുന്നു.

content highlights: Wimbledon set to be cancelled for first time since second world war