ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷകിരീടത്തിന് വേണ്ടി ഇതിഹാസതാരം റോജര്‍ ഫെഡററും ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചും ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍  ചെക്ക് താരം തോമസ് ബെര്‍ഡിഷിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലില്‍ എത്തിയത് (7-6, 7-6, 7-4). ഏഴാം സീഡായ സിലിച്ച് അമേരിക്കയുടെ സാം കുറെയെയാണ് പരാജയപ്പെടുത്തിയത് (67, 64, 76, 75). സിലിച്ചിന്റെ കന്നി വിംബിള്‍ഡണില്‍ ഫൈനലാണിത്. 

നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ബ്രിട്ടന്റെ ആന്‍ഡി മറെയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിച്ചാണ് കുറെ സെമിയിലെത്തിയത്. അതുകൊണ്ടുതന്നെ മത്സരം കടുക്കുമെന്നുറപ്പായിരുന്നു. ആദ്യ സെറ്റു ജയിച്ച് കുറെ വെല്ലുവിളിയുയര്‍ത്തുകയും ചെയ്തു. ടൈബ്രേക്കറില്‍ കലാശിച്ച ഈ സെറ്റില്‍ സിലിച്ച് 4-1ന് മുന്നിലെത്തിയശേഷം അടിയറവുപറയുകയായിരുന്നു. എന്നാല്‍, രണ്ടാം സെറ്റില്‍ സ്‌കോര്‍ 3-3ല്‍ നില്ക്കെ കുറെയുടെ സര്‍വ് ഭേദിച്ച് മുന്നിലെത്തിയ സിലിച്ച് 6-4ന് സെറ്റു സ്വന്തമാക്കി ഒപ്പമെത്തി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അടുത്ത രണ്ടുസെറ്റും നേടി 28-കാരനായ ക്രൊയേഷ്യന്‍ താരം ആദ്യ ഫൈനലിലേക്ക് കുതിച്ചു. 

വിംബിള്‍ഡണില്‍ ഏഴുവട്ടം ചാമ്പ്യനായിട്ടുള്ള ഫെഡറുടെ 11ാമത്തെ ഫൈനലാണിത്. ഫൈനല്‍ ജയിക്കുന്ന പക്ഷം വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമായി 35 വയസ്സുള്ള ഫെഡറര്‍ മാറും. 1975 ല്‍ 32ാമത്തെ വയസ്സില്‍ കിരീടം നേടിയ ആര്‍തര്‍ ഷെയുടെ പേരിലാണ് നിലവിലെ റെക്കോഡ്. ഫെഡററുമായി ഏഴുവട്ടം മാറ്റുരച്ചപ്പോള്‍ ആറിലും സിലിച്ചിന് തോല്‍വിയായിരുന്നു ഫലം.