ലണ്ടന്‍: ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ തകര്‍ത്ത് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി. 25-കാരിയായ ബാര്‍ട്ടിയുടെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലായിരുന്നു ഇത്. 

ശനിയാഴ്ച നടന്ന മത്സരത്തില്‍ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ബാര്‍ട്ടിയുടെ ജയം. സ്‌കോര്‍: 6-3, 6-7 (4), 6-3.

ഇതോടെ കഴിഞ്ഞ 41 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമെന്ന നേട്ടവും ബാര്‍ട്ടി സ്വന്തമാക്കി. 1980-ല്‍ കിരീടം നേടിയ ഇവോന്നെ ഗൂലാഗോങ്ങാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് താരം.

2019-ലെ ഫ്രഞ്ച് ഓപ്പണ്‍ ജേത്രിയാണ് ബാര്‍ട്ടി. അതിന് ശേഷമുള്ള ഏറ്റവും മികച്ച ഗ്രാന്‍ഡ്സ്ലാം പ്രകടനമാണിത്.

പ്ലിസ്‌കോവയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2016-ല്‍ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നു. അന്ന് ആഞ്ജലിക് കെര്‍ബറോട് തോറ്റു.

Content Highlights: Wimbledon Ash Barty outlasts Karolina Pliskova to win women s singles title