ലണ്ടന്‍: വിംബിള്‍ഡണില്‍ വീണ്ടും അട്ടിമറി. റാഫേല്‍ നഡാല്‍ പുറത്തായതിന് പിന്നാലെ ക്വാര്‍ട്ടറില്‍ ആന്‍ഡി മറെയ്ക്കും നൊവാക് ദ്യോകോവിച്ചിനും അടിതെറ്റി. അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ സെമിയിലെത്തി. തോമസ് ബെര്‍ഡിച്ചാണ് സെമിയില്‍ ഫെഡററുടെ എതിരാളി. ദ്യോകോവിച്ചിനെ മറികടന്നാണ് ബെര്‍ഡിച്ച് സെമിയിലെത്തിയത്.
തോമസ് ബെര്ഡിച്ചിനെതിരായ മത്സരത്തിനിടെ ലോക രണ്ടാം നമ്പറുകാരനായ ദ്യോകോവിച്ച് പിന്മാറുകയായിരുന്നു. 7-6, 2-0ത്തിന് ബെര്‍ഡിച്ച് മുന്നിട്ടു നില്‍ക്കെയാണ് ദ്യോകോവിച്ചിന്റെ പിന്മാറ്റം.
നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ ആന്‍ഡി മറെയെ അട്ടിമറിച്ചത് അമേരിക്കന്താരമായ സാം കുറെയാണ്. സ്കോര്‍: 3-6, 6-4, 6-7, 6-1, 6-1. ലോക റാങ്കിങ്ങില്‍ 28-ാമനായ കുറെയുടെ ആദ്യ ഗ്രാന്സ്ലാം സെമിഫൈനലാണിത്. രണ്ട് മണിക്കൂറും 41 മിനിറ്റും നീണ്ട മത്സരത്തില്‍, ഇടുപ്പിലെ പരിക്ക് ആതിഥേയരുടെ പ്രതീക്ഷയായ മറെയ്ക്ക് വിനയായി.
ഏഴാം സീഡ് ക്രൊയേഷ്യയുടെ മരിന് സിലിച്ചാണ് സെമിയില്‍ കുറെയുടെ എതിരാളി. നാലാം റൗണ്ടില്‍ മുന്‍ചാമ്പ്യന്‍ റാഫേല്‍ നഡാലിനെ അട്ടിമറിച്ച ലക്സംബര്‍ഗില്‍നിന്നുള്ള 16-ാം സീഡ് ജൈല്‍സ് മുള്ളറെ തോല്പിച്ചാണ് സിലിച്ച് സെമിയിലെത്തിയത്. ഒന്നാം സെമിയിലെപ്പോലെ രണ്ടാം സെമിയും അഞ്ചു സെറ്റ് പോരാട്ടത്തിലാണ് തീര്‍പ്പായത്. സ്കോര്‍: 3-6, 7-6, 7-5, 5-7, 6-1. മത്സരം മൂന്നരമണിക്കൂറിലാണ് തീര്‍ന്നത്.
ഗ്രാന്സ്ലാം ടൂര്‍ണമെന്റില്‍ 42-ാമത്തെ ശ്രമത്തിലാണ് 29-കാരന് ആദ്യ സെമി കണ്ടത്. കഴിഞ്ഞവര്‍ഷം മൂന്നാം റൗണ്ടില്‍ അന്നത്തെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ചിനെ ഞെട്ടിച്ച ചരിത്രവും കുറെയ്ക്കുണ്ട്. നാലാം സെറ്റില്‍ ഇടതുകാല് നിലത്ത് ഊന്നാനാവാതെ മറെ വിഷമിക്കുന്നത് കാണാമായിരുന്നു. 2009-ല്‍ ലോകറാങ്കിങ്ങില്‍ 34-ാമതായിരുന്ന ടോമി ഹാസ് സെമിയിലെത്തിയശേഷം വിംബിള്‍ഡണിന്റെ സെമിയിലെത്തുന്ന ഏറ്റവും കുറഞ്ഞ റാങ്കുള്ള കളിക്കാരനാണ് കുറെ.
അതേസമയം, എയ്സുകളും കണ്ണഞ്ചിപ്പിക്കുന്ന റിട്ടേണുകളുംവഴി 24-ാം സീഡായ കുറെ എതിരാളിയെ ഹതാശനാക്കി. കുറെയുടെ റാക്കറ്റില്‍ നിന്നും 27 എയ്സും 70 വിന്നറും മൂളിപ്പറന്നു. മറെയ്ക്ക് എട്ട് എയ്സും 33 വിന്നറും മാത്രമാണുണ്ടായിരുന്നത്. ബ്രെയ്ക്ക് പോയന്റുകള്‍ മുതലാക്കുന്നതിലും അമേരിക്കന്‍താരം വിരുതുകാട്ടി. 12 ബ്രെയ്ക്ക് പോയന്റുകളില്‍ എട്ടും കുറെ ജയിച്ചപ്പോള്‍ ഏഴ് ബ്രെയ്ക്ക് പോയന്റുകളില്‍ മൂന്നെണ്ണം ജയിക്കാനേ മറെയ്ക്ക് കഴിഞ്ഞുള്ളൂ.
അട്ടിമറിവീരനായ മുള്ളര്‍ക്ക് സിലിച്ചിന്റെ കൃത്യതയ്ക്ക് മുന്നിലാണ് അടിയറവ് സമ്മതിക്കേണ്ടിവന്നത്. 33 എയ്സും 74 വിന്നറും പറത്തി സിലിച്ച് കളംവാണു. 17 എയ്സും 54 വിന്നറുമാണ് മുള്ളറുടെ പേരില്‍ കുറിക്കപ്പെട്ടത്. അവസാന സെറ്റിലൊഴികെ മറ്റു നാലുസെറ്റുകളിലും സിലിച്ചും മുള്ളറും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. അഞ്ചാം സെറ്റില്‍ എതിരാളിയുടെ സര്‍വ് രണ്ടുവട്ടം ഭേദിച്ച് സിലിച്ച് സെറ്റും മാച്ചും സ്വന്തമാക്കി.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ രോഹന് ബൊപ്പണ്ണ-ഡബ്രയോവ്സ്കി ജോഡി ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അതേസമയം സാനിയ മിര്‍സ-ഇവാന് ഡോഡിഗ് സഖ്യം പ്രീക്വാര്‍ട്ടറില്‍ പുറത്തായി.