ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ന് തീ പാറും പോരാട്ടങ്ങള്‍. പുരുഷന്മാരുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്കാണ് ഇന്ന് വിംബിള്‍ഡണ്‍ വേദിയാകുക. 

ആദ്യ സെമി ഫൈനലില്‍ അട്ടിമറികളിലൂടെയെത്തിയ ഹ്യൂബേര്‍ട്ട് ഹര്‍കാക്‌സ് ഇറ്റലിയുടെ മാത്തിയോ ബെരെട്ടിനിയെ നേരിടും. വൈകിട്ട് 6 മണിയ്ക്കാണ് മത്സരം.

മറ്റൊരു സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പത്താം സീഡായ കാനഡയുടെ ഡെന്നിസ് ഷാപ്പലോവിനെ നേരിടും. രാത്രി എട്ടുമണിയ്ക്കാണ് മത്സരം.

റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ സെമി ഫൈനലിലുള്ള ഏക ലോകോത്തര താരമാണ് നൊവാക്ക് ജോക്കോവിച്ച്. ഇത്തവണ കിരീട സാധ്യത ഏറ്റവുമധികം കല്‍പ്പിക്കപ്പെടുന്നതും ജോക്കോവിച്ചിനാണ്. അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ജോക്കോവിച്ച് കരിയറിലെ 20-ാം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കും. ഇതോടെ റാഫേല്‍ നദാലിന്റെയും റോജര്‍ ഫെഡററുടെയും റെക്കോഡിനൊപ്പം ജോക്കോവിച്ച് ഇടം നേടും.

ഇത്തവണ ജോക്കോവിച്ചിനെക്കൂടാതെ സെമി ഫൈനലിലെത്തിയവരെല്ലാം ആദ്യമായാണ് വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ജോക്കോവിച്ചിനെ നേരിടുന്ന ഷാപ്പലോവ് ഇതുവരെ താരത്തിനെതിരേ ഒരു മത്സരത്തില്‍പ്പോലും വിജയിച്ചിട്ടില്ല. ഇതുവരെ ആറു തവണ ഏറ്റുമുട്ടിയപ്പോഴും ജോക്കോവിച്ച് തന്നെയാണ് വിജയം സ്വന്തമാക്കിയത്.  

സാക്ഷാല്‍ റോജര്‍ ഫെഡററെ അട്ടിമറിച്ച് സെമിയിലെത്തിയ ഹര്‍കാക്‌സ് ബെരെട്ടിനിയെ നേരിടുമ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. ഗ്രാന്‍ഡ്സ്ലാം സെമി ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ മാത്രം പോളണ്ട് താരമാണ് ഹര്‍കാക്‌സ്.

Content Highlights: Wimbledon 2021 mens semifinal matches