വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസിൽ ജർമൻ താരം ആഞ്ജലിക് കെർബറിന്റെ മുന്നേറ്റത്തിൽ ഒരു ഇരിങ്ങാലക്കുടക്കാരനും ആവേശത്തിലാണ്. 33-കാരിയായ ജർമൻ താരത്തിന്റെ യോഗ പരിശീലകനായ പി.ആർ. ബിനോയിയാണ് കെർബറുടെ നേട്ടത്തിൽ സന്തോഷിക്കുന്നത്. 2018-ലെ വിംബിൾഡൺ ഫൈനലിൽ സെറീനാ വില്യംസിനെ തോൽപ്പിച്ച് കിരീടം നേടിയശേഷം കെർബർക്ക് വലിയ നേട്ടമുണ്ടാക്കാനായില്ല. കളിയുടെ താളം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് അവർ ബിനോയിയിലേക്കെത്തിയത്.

2014 മുതൽ യൂറോപ്പിൽ സ്ഥിരമായി യോഗ ക്ലാസുകളെടുക്കുന്ന ബിനോയിയെ ചില സുഹൃത്തുക്കൾ മുഖേനെ കെർബർ പരിചയപ്പെട്ടു. അന്നുമുതൽ ചിട്ടയായ പരിശീലനമായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസം ഹോംബുർഗ് ഓപ്പണിൽ കിരീടം സ്വന്തമാക്കി കെർബർ തിരിച്ചുവന്നു. കഴിഞ്ഞ ദിവസം വിംബിൾഡണിൽ ബെലാറസിന്റെ അലക്സാന്ദ്ര സാസ്നോവിച്ചിനെ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്തി.

കോവിഡ് കാരണം യാത്രകൾ മുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി ജർമനിയിൽ പോയത്. അടുത്തമാസം വീണ്ടും പോകാമെന്ന പ്രതീക്ഷയിലാണ് ബിനോയി. അതുവരെ ക്ലാസുകൾ ഓൺലൈനിലാണ്. കൊച്ചി സർവകലാശാലയിൽനിന്ന് ജോയന്റ് രജിസ്ട്രാറായി വിരമിച്ച ഇരിങ്ങാലക്കുട എസ്.എൻ. നഗർ പുളിക്കൽ രാജഗോപാലന്റെയും മംഗളാദേവിയുടെയും മകനാണ്. പല വിദേശരാജ്യങ്ങളിലും യോഗ ക്ലാസ് നടത്തിയിട്ടുള്ള ബിനോയിയുടെ ആദ്യഗുരു കാറളം സ്വദേശി സജീവ് ശങ്കരനാണ്. ഇപ്പോൾ കണ്ണൂർ പള്ളിക്കുളം ചന്ദ്രനിൽനിന്ന് യോഗ അഭ്യസിക്കുന്നു.

Content Highlights: Wimbledon 2021 Angelique Kerber Yoga Guru PR Binoy