കാലിഫോര്‍ണിയ: പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യവുമായി ബെലാറസിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്ക ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ഫൈനലില്‍. വനിതാ വിഭാഗത്തില്‍ മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ യെലേന ഒസ്റ്റപെങ്കോയെ കീഴടക്കിയാണ് അസരങ്ക കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അസരങ്കയുടെ വിജയം. സ്‌കോര്‍: 3-6, 6-3, 7-5. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ നേടിക്കൊണ്ടാണ് അസരങ്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.  

32 കാരിയായ അസരങ്ക ഫൈനലില്‍ സ്‌പെയിനിന്റെ പൗല ബഡോസയെ നേരിടും. നാളെയാണ് ഫൈനല്‍. കരിയറിലെ മൂന്നാം ഇന്ത്യന്‍ വെല്‍സ് കിരീടമാണ് അസരങ്ക ലക്ഷ്യം വെയ്ക്കുന്നത്. 2012-ലും 2016-ലും താരം കിരീടം നേടിയിരുന്നു. 

ഫൈനലില്‍ വിജയിച്ചാല്‍ ഏറ്റവുമധികം ഇന്ത്യന്‍ വെല്‍സ് കിരീടം നേടിയ വനിതാതാരം എന്ന റെക്കോഡ് അസരങ്കയ്ക്ക് സ്വന്തമാകും. 

Content Highlights: Victoria Azarenka Books Spot In Indian Wells Final Against Paula Badosa