ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലിനിടെ അരങ്ങേറിയ വിവാദ സംഭവങ്ങളില്‍ സെറീന വില്യംസിന് പിന്തുണയുമായി വനിതാ ടെന്നീസ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവും യു.എസ് ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റും രംഗത്ത്. 

വിവാദ സംഭവങ്ങള്‍ക്കു പിന്നാലെ കളിക്കളത്തില്‍ ലിംഗവിവേചനമുണ്ടെന്ന് സെറീന പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ ടെന്നീസ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്റ്റീവ് സൈമണും യു.എസ് ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് കത്രീന ആഡംസും സെറീനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ഒരു വനിതാ താരമായതുകൊണ്ട് വിവേചനപരമായ പെരുമാറ്റമാണ് ചെയര്‍ അമ്പയറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പുരുഷ താരങ്ങള്‍ ഇത്തരത്തില്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്നും സെറീന ചൂണ്ടിക്കാട്ടിയിരുന്നു. ടെന്നീസ് കോര്‍ട്ടിലെ തുല്യതയ്ക്ക് വേണ്ടിയുള്ളപ്രതിഷേധമാണ് താന്‍ നടത്തിയതെന്ന സെറീനയുടെ പ്രസ്താവനയെ ഏറെപേര്‍ പിന്തുണച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വനിതാ ടെന്നീസ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സ്റ്റീവ് സൈമണ്‍ പത്രക്കുറിപ്പിലൂടെ സെറീനയ്ക്ക് പിന്തുണയറിയിച്ചത്. ടെന്നീസ് കോര്‍ട്ടുകളില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രടിപ്പിക്കാം. അസോസിയേഷന്‍ താരങ്ങളെ തുല്ല്യരായി തന്നെയാണ് കാണുന്നതെന്ന് സൈമണ്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഗ്രാന്‍ഡ്സ്ലാം മത്സരങ്ങള്‍ നടക്കുന്നതിനിടെ പരിശീലകന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തരമൊരു സൗകര്യം ലഭ്യമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും ഇതേക്കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെറീനയുടെ ടെന്നീസിലെ മികവും കായിക താരമെന്ന നിലയിലുള്ള ഇടപെടലുകളും മികച്ചതാണെന്നായിരുന്നു യു.എസ് ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് കത്രീന ആഡംസിന്റെ പ്രതികരണം. ചെയര്‍ അമ്പയര്‍മാരുടെ തീരുമാനങ്ങളില്‍ വിവേചനം ഉണ്ടാകാറുണ്ടെന്ന കാര്യം അവരും സമ്മതിച്ചു. സെറീനയുടെ പ്രതികരണങ്ങളെ വിമര്‍ശിക്കാം, എന്നാല്‍ അവരോട് അമ്പയര്‍ എടുത്ത സമീപനവും തെറ്റാണെന്ന് പറയേണ്ടി വരുമെന്നും കത്രീന ആഡംസ് വ്യക്തമാക്കി. 

അതേസമയം യു.എസ് ഓപ്പണ്‍ ഫൈനലിനിടെ ചെയര്‍ അമ്പയറോട് മോശമായി പെരുമാറിയതിന് സെറീനയ്ക്ക് പിഴയും ചുമത്തിയിരുന്നു. ഏകദേശം 12 ലക്ഷം രൂപയാണ് അമേരിക്കന്‍ താരത്തിന് പിഴയായി വിധിച്ചത്. മൂന്ന് കുറ്റങ്ങളാണ് സെറീനക്കെതിരെ ചുമത്തിയിരിക്കുന്നത്. 

അമ്പയര്‍ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് ഏഴ് ലക്ഷം രൂപയും മത്സരത്തിനിടെ കോച്ചിങ് സ്വീകരിച്ചതിന് മൂന്ന് ലക്ഷം രൂപയും റാക്കറ്റ് എറിഞ്ഞുടച്ചതിന് രണ്ട് ലക്ഷം രൂപയും പിഴയൊടുക്കണം. 

ഫൈനലില്‍ സെറീനയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ജപ്പാന്‍ താരം നവോമി ഒസാക്ക കിരീടം ചൂടിയിരുന്നു. അതിരുവിട്ട പെരുമാറ്റത്തെ തുടര്‍ന്ന് സെറീനയ്ക്ക് രണ്ട് പെനാല്‍റ്റി പോയിന്റും ഒരു പെനാല്‍റ്റി ഗെയിമും ലഭിച്ചു.

Content Highlights: usta president wta chief executive backs serena