ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസില്‍ ഫെഡറര്‍-നഡാല്‍ സെമി ഫൈനലിന് അരങ്ങൊരുങ്ങി. പുരുഷവിഭാഗം ഒന്നാംസീഡായ റാഫേല്‍ നഡാലും രണ്ടാം സീഡ് റോജര്‍ ഫെഡററും പ്രീ ക്വാര്‍ട്ടറിലെത്തി. വനിതാവിഭാഗം ഒന്നാം സീഡ് കരോളിന പ്ലിസ്‌കോവയും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. രണ്ടു മത്സരങ്ങള്‍ വീതം ജയിച്ചാല്‍, സെമിയില്‍ ഫെഡറര്‍ക്ക് എതിരാളിയായി നഡാല്‍ എത്തും.

മൂന്നാംറൗണ്ടില്‍, സ്പെയിനിന്റെ നഡാല്‍ അര്‍ജന്റീനയുടെ ലിയാണാര്‍ഡോ മേയറെ (6-7, 6-3, 6-1, 6-4) തോല്‍പിച്ചപ്പോള്‍ സ്വിസ് താരം ഫെഡറര്‍ സ്പെയിനിന്റെ ഫെസലിസിയാനോ ലോപ്പസിനെ (6-3, 6-3, 7-5) നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി. വനിതാവിഭാഗത്തിലെ മുന്‍നിരക്കാരിയായ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ ചൈനയുടെ സാങ് ഷൂയിയെ (3-6, 7-5, 6-4) തോല്പിച്ച് അവസാന പതിനാറുപേരില്‍ ഒരാളായി.

പുരുഷവിഭാഗത്തില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീയ്യമും (6-ാം സീഡ്) ജര്‍മനിയുടെ ഡേവിഡ് ഗോഫിനും (9-ാം സീഡ്) പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. തീയ്യം, ഫ്രാന്‍സിന്റെ അഡ്രിയാന്‍ മനാരിനോ (7-5, 6-3, 6-4)യെയും ഗോഫിന്‍ ഫ്രാന്‍സിന്റെ ഗെയ്ല്‍ മോന്‍ഫില്‍സിനെയും കീഴടക്കി. മോന്‍ഫില്‍സ് രണ്ടാംസെറ്റിനിടെ മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. വനിതകളില്‍ അമേരിക്കയുടെ ഷെല്‍ബി റോജേഴ്സിനെ തോല്പിച്ച യുക്രൈനിന്റെ എലിന സ്വിറ്റോലിനയും (4-ാം സീഡ്) പ്രീ ക്വാര്‍ട്ടറിലെത്തി.

പുരുഷസിംഗിള്‍സില്‍ പതിനൊന്നാം സീഡായ റോബര്‍ട്ടോ ബോട്ടിസ്റ്റയും വനിതാവിഭാഗത്തില്‍ പത്താം സീഡ് പോളണ്ടിന്റെ ആഗ്‌നീസ്‌ക റഡ്വാന്‍സ്‌കയുമാണ് മൂന്നാം റൗണ്ടില്‍ പുറത്തായ പ്രമുഖ താരങ്ങള്‍. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയ ലാത്വിയന്‍ താരം യെലേന ഒസ്റ്റപെങ്കോയും മൂന്നാംറൗണ്ടില്‍ തോറ്റുമടങ്ങി. ബൗട്ടിസ്റ്റയെ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രോയാണ് (24ാം സീഡ്) കീഴടക്കിയത് (6-3, 6-3, 6-4).

ആഗ്‌നീസ്‌ക റഡ്വാന്‍സ്‌ക, അമേരിക്കയുടെ സീഡില്ലാതാരം കൊകൊ വാന്‍ഡേവേയിയോട് അടിയറവ് പറഞ്ഞപ്പോള്‍ ( 7-5, 4-6, 6-4) ഒസ്റ്റപെങ്കോയെ മടക്കിയത് റഷ്യയുടെ ഡാരിയ കസാറ്റ്കിനയാണ്(6-3, 6-2).