ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ മരിയ ഷറപ്പോവ പുറത്ത്. എട്ടാം സീഡ് സെറീന വില്ല്യംസാണ് ഷറപ്പോവയെ തോല്‍പ്പിച്ചത്. രണ്ടു സെറ്റിലും ഒരൊറ്റ ഗെയിം മാത്രമാണ് ഷറപ്പോവയ്ക്ക് നേടാനായത്. സ്‌കോര്‍: 6-1,6-1.

ആര്‍തര്‍ ആശെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം 59 മിനിറ്റിനുള്ളില്‍ അവസാനിച്ചു. ആറു തവണ യു.എസ് ഓപ്പണ്‍ കിരീടം നേടിയ സെറീന ഷറപ്പോവയ്‌ക്കെതിരേ നേടുന്ന 20-ാം വിജയമാണിത്. തുടര്‍ച്ചയായി പത്തൊമ്പതാമത്തെ വിജയവും. 2004-ന് ശേഷം ഷറപ്പോവയോട് സെറീന തോറ്റിട്ടില്ല. പരിക്കിനെത്തുടര്‍ന്ന് ഇടയ്ക്ക് കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന ഷറപ്പോവ നിലവില്‍ ലോകറാങ്കിങ്ങില്‍ 87-ാം സ്ഥാനത്താണ്.

അതേസമയം പുരുഷ സിംഗിള്‍സില്‍ സ്റ്റാന്‍സിലാസ് വാവ്‌റിങ്കയും റോജര്‍ ഫെഡററും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യന്‍ താരം സുമിത് നാഗലിനെതിരേ നാല് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ഫെഡററുടെ വിജയം. ആദ്യമായി യു.എസ് ഓപ്പണ്‍ കളിക്കുന്ന സുമിത് ആദ്യ സെറ്റ് നേടി ഫെഡററെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് സ്വിസ് താരം തിരിച്ചുവന്നു. സ്‌കോര്‍: 4-6,6-1,6-2,6-4.

മറ്റൊരു മത്സരത്തില്‍ വാവ്‌റിങ്ക ജാനിക് സിന്നറെ പരാജയപ്പെടുത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു വാവ്‌റിങ്കയുടെ വിജയം. സ്‌കോര്‍: 6-3, 7-6,4-6,6-3.\

Content Highlights: US Open Tennis Maria Sharapova Serena Williams Roger Federer