ന്യൂയോർക്ക്: കരിയറിലെ ആദ്യ ഗ്രാൻസ്ലാം ഫൈനലിലേക്ക് മുന്നേറി ജർമൻ താരം അലക്സാണ്ടർ സ്വരേവ്. ഇരുപതാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റക്കിനെ തോൽപ്പിച്ചായിരുന്നു അഞ്ചാം സീഡായ സ്വരേവിന്റെ മുന്നേറ്റം. ഫൈനലിൽ രണ്ടാം സ്വീഡ് ഡൊമിനിക് തീം ആണ് ജർമൻ താരത്തിന്റെ എതിരാളി.

ആദ്യ രണ്ടു സെറ്റുകൾ കൈവിട്ടശേഷം സ്വരേവ് തിരിച്ചു വരികയായിരുന്നു. ആദ്യ സെറ്റ് 6-3ന് നഷ്ടപ്പെടുത്തിയ സ്വരേവ് രണ്ടാം സെറ്റിൽ തീർത്തും നിറംമങ്ങി. 6-2നായിരുന്നു സ്വരേവിന്റെ തോൽവി. തുടർന്നാണ് സ്വരേവിന്റെ തിരിച്ചുവരവിന് ആരാധകർ സാക്ഷിയായത്.

മൂന്നാം സെറ്റിൽ ബ്രേക്ക് പോയന്റുകൾ നേടി സ്വരേവ് 6-3ന് സെറ്റ് സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. നാലാം സെറ്റിൽ ഇരുവരും പരസ്പരം സർവീസ് ബ്രേക്ക് ചെയ്തെങ്കിലും ഒടുവിൽ സെറ്റ് സ്വരേവ് നേടി. 6-4നായിരുന്നു നാലാം സെറ്റിൽ വിജയം. അഞ്ചാം സെറ്റിൽ സ്വെരവ് ബുസ്റ്റയുടെ ആദ്യ സർവീസ് തന്നെ ബ്രേക്ക് ചെയ്തു. ഒടുവിൽ സെറ്റ് 6-3നു നേടി മത്സരവും സെമിഫൈനലും സ്വന്തമാക്കി.

തന്റെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണ് ഇനി സ്വെരവിന് മുന്നിലുള്ളത്. ഏകദേശം രണ്ടര പതിറ്റാണ്ടിന് ശേഷം, ഇതിഹാസ താരം ബോറിസ് ബെക്കറിന് ശേഷം, ഗ്രാൻസ്ലാം ഫൈനലിലെത്തുന്ന ആദ്യ ജർമൻ താരമെന്ന റെക്കോഡും സ്വരേവ് സ്വന്തമാക്കി.

മൂന്നു സെറ്റിനുള്ളിൽ റഷ്യൻ താരം ഡാനിൽ മെദ്വെദേവിനെ തോൽപ്പിച്ചാണ് ഓസ്ട്രിയൻ താരം ഡൊമിനിക് തീമിന്റെ മുന്നേറ്റം. ആദ്യ സെറ്റ് 6-2ന് നേടിയ തീം രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും കടുത്ത മത്സരം നേരിട്ടു. ഒടുവിൽ ടൈ ബ്രേക്കറിൽ ഇരു സെറ്റും ഓസ്ട്രിയൻ താരം സ്വന്തമാക്കി. സ്കോർ: 6-2,7-6,7-6.

Content Highlights: US Open Tennis 2020, DominicThiem vs Alexander Zverev