ന്യൂയോർക്ക്: നവോമി ഒസാക്കയും സെറീന വില്ല്യംസും യു.എസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ. മൂന്നാം സീഡ് സെറീന ബൾഗേറിയൻ താരം സ്വെറ്റാന പിരങ്കോവയെ നേരിടും. അമേരിക്കൻ താരം ഷെൽബി റോജേഴ്സാണ് നവോമി ഒസാക്കയുടെ എതിരാളി. വിക്ടോറിയ അസരങ്കയും എലിസെ മെർട്ടെൻസും തമ്മിലാണ് മറ്റൊരു ക്വാർട്ടർ മ്ത്സരം.

ആറാം സീഡ് പെട്ര ക്വിറ്റോവയെ അട്ടിമറിച്ചാണ് സീഡില്ലാ താരമായ ഷെൽബി റോജേഴ്സ് ക്വാർട്ടറിലെത്തിയത്. മൂന്നു സെറ്റു നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ഷെൽബിയുടെ വിജയം. നവോമി ഒസാക്ക 14-ാം സീഡ് കൊന്റാവെൽറ്റിനേയും സെറീന വില്ല്യംസ് 15-ാം സീഡ് സക്കാരിയേയും തോൽപ്പിച്ചു.

രണ്ടാം സീഡ് സോഫിയ കെനിനെ പരാജയപ്പെടുത്തിയാണ് 16-ാം സീഡായ എലിസെ മെർട്ടൻസിന്റെ മുന്നേറ്റം. സ്കോർ: 6-3,6-3. 20-ാം സീഡ് കരോളിന മക്കോവയ്ക്കെതിരേ ആയിരുന്നു വിക്ടോറിയ അസരങ്കെയുടെ വിജയം. പോരാട്ടം മൂന്നു സെറ്റു നീണ്ടുനിന്നു. സ്കോർ: 5-7,6-1,6-4.

അതേസമയം പുരുഷ സിംഗിൾസിൽ ഇത്തവണ കിരീടം നേടുക പുതിയ ജേതാവാണ്. ആറു വർഷങ്ങൾക്ക് ശേഷമാണ്യു.എസ് ഓപ്പണിൽ പുതിയ ഗ്രാൻസ്ലാം ജേതാവ് പിറക്കുന്നത്. നൊവാക് ജോക്കോവിച്ച്, മരിയൻ സിലിച്ച്, ആന്റി മറെ എന്നിവർ ടൂർണമെന്റിൽ നിന്ന് പുറത്തുപോയതോടെയാണ് ഇത്.

റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർ കളിക്കാത്ത ടൂർണമെന്റിൽ നിലവിൽ അവശേഷിക്കുന്ന ഒരു താരവും ഒരു ഗ്രാൻസ്ലാം കിരീടം പോലും നേടിയിട്ടില്ല. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഡൊമിനിക് തീം ആണ് കൂട്ടത്തിൽ കൂടുതൽ പരിചയസമ്പന്നൻ. 27 വയസ്സുള്ള തീം രണ്ടു ഫ്രഞ്ച് ഓപ്പൺ ഫൈനലും കളിച്ചിട്ടുണ്ട്.

Content Highlights: US Open Tennis 2020