ന്യൂയോര്‍ക്ക്: സെറീന വില്യംസ് യു.എസ് ഓപ്പണിന്റെ ഫൈനലില്‍ കടന്നു. വ്യാഴാഴ്ച നടന്ന സെമിയില്‍ അനസ്തസിജ സെവസ്തോവയെ തോല്‍പ്പിച്ചാണ് സെറീനയുടെ ഫൈനല്‍ പ്രവേശനം. സെറീനയുടെ 31-ാം ഗ്രാന്‍സ്ലാം ഫൈനലാണിത്. ഏഴാം യു.എസ് ഓപ്പണ്‍ കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്. സ്‌കോര്‍: 6-3, 6-0. 

സ്‌കോര്‍നില സൂചിപ്പിക്കും പോലെ തന്നെ തികച്ചും ആധികാരികമായിട്ടായിരുന്നു സെറീനയുടെ മുന്നേറ്റം. രണ്ടാം സെറ്റ് ഒരു പോയിന്റു പോലും എതിരാളിക്ക് നല്‍കാതെയാണ് സെറീന സ്വന്തമാക്കിയത്. 

ഇതോടെ 24 ഗ്രാന്‍സ്ലാമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഒരു വിജയത്തിന്റെ മാത്രം ദൂരത്താണ് ഈ 36-കാരി. ഫൈനലില്‍ വിജയിക്കാനായാല്‍ ആധുനിക ടെന്നിസില്‍ ആറു യു.എസ് ഓപ്പണ്‍ കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ ക്രിസ് എവേര്‍ട്ടിനെ മറികടക്കാനും സെറീനയ്ക്ക് സാധിക്കും.  

ഏഴു മാസം മുന്‍പ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് സെറീനയുടെ ഈ മുന്നേറ്റം. സെറീനയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്. ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലില്‍ സെറീനയുടെ എതിരാളി. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ മാഡിസണ്‍ കീസിനെ മറികടന്നാണ് ഒസാക്ക ഫൈനലിലിടം പിടിച്ചത്. ഇതോടെ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ജപ്പാന്‍ വനിതയെന്ന റെക്കോര്‍ഡ് ഒസാക്കയുടെ പേരിലായി.

Content Highlights: us open serena williams powers into final at flushing meadows