കാലിഫോര്‍ണിയ: നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യനായ ബ്രിട്ടന്റെ എമ്മ റാഡുകാനുവിന് ഞെട്ടിക്കുന്ന തോല്‍വി. ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ നിന്ന് റാഡുകാനു പുറത്തായി. 

ബലാറസിന്റെ അലിയക്‌സാന്‍ഡ്ര സാസ്‌നോവിച്ചാണ് റാഡുകാനുവിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബലാറസ് താരത്തിന്റെ വിജയം. സ്‌കോര്‍: 2-6, 4-6. ഇതോടെ കഴിഞ്ഞ പത്തുമത്സരങ്ങളിലായി പരാജയമറിയാതെ മുന്നേറിയ റാഡുകാനുവിന്റെ കുതിപ്പ് അവസാനിച്ചു. ലോക റാങ്കിങ്ങില്‍ 100-ാം സ്ഥാനത്തുള്ള സാസ്‌നോവിച്ച് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. അട്ടിമറികളിലൂടെ യു.എസ്.ഓപ്പണ്‍ കിരീടം ചൂടിയ റാഡുകാനുവിന് ആ മികവ് ഇന്ത്യന്‍ വെല്‍സില്‍ പുറത്തെടുക്കാനായില്ല.

മറ്റൊരു മത്സരത്തില്‍ യു.എസ്.ഓപ്പണ്‍ ഫൈനലിസ്റ്റായ ലെയ്‌ല ഫെര്‍ണാണ്ടസ് വിജയം നേടി. അലിസെ കോര്‍നെറ്റിനെ 6-2, 6-3 എന്ന സ്‌കോറിന് കീഴടക്കി താരം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 

പുരുഷവിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ആന്‍ഡി മുറെയും വിജയം നേടി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ടൂര്‍ണമെന്റിലെത്തിയ മുറെ അഡ്രിയാന്‍ മന്നാറിനോയെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുറെയുടെ വിജയം. സ്‌കോര്‍: 6-3, 6-2. 

ഇഗ സ്വിയാട്ടെക്, എലീന സ്വിറ്റോലീന, സിമോണ ഹാലെപ്, വിക്ടോറിയ അസരെങ്ക തുടങ്ങിയവരും വിജയം നേടി.

 Content Highlights: US Open champion Raducanu defeated in straight sets at Indian Wells