ന്യൂയോര്‍ക്ക്: ടൂര്‍ണമെന്റിനു മുന്‍പ് മുന്‍കൂര്‍ ജാമ്യമെടുത്തതുപോലെ തന്നെ ബ്രിട്ടന്റെ ആന്‍ഡി മറെ യു.എസ് ഓപ്പണില്‍ നിന്ന് പുറത്തായി.

രണ്ടാം റൗണ്ടില്‍ സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വേര്‍ദാസ്‌കോയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 7-5, 2-6, 6-4, 6-4. പരിക്കിനു ശേഷം അടുത്തിടെ മാത്രം കളത്തിലേക്ക് മടങ്ങിയെത്തിയ മറെ, തനിക്ക് ഇത്തവണത്തെ യു.എസ് ഓപ്പണ്‍ വിജയിക്കാനാകുമോ എന്ന് ഉറപ്പില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

രണ്ടു തവണ വിംബിള്‍ഡണ്‍ ജേതാവായ മറെ പരിക്കു കാരണം ഇത്തവണത്തെ വിംബിള്‍ഡണിലും പങ്കെടുത്തിരുന്നില്ല. മറ്റു മത്സരങ്ങളില്‍ മുന്‍ ചാമ്പ്യനായ അര്‍ജന്റീനയുടെ ഡെല്‍പോട്രോ നേരിട്ടുള്ള സെറ്റുകള്‍ക്ക് കുഡ്ലയെ തകര്‍ത്ത് മൂന്നാം റൗണ്ടില്‍ കടന്നു. 

സൗത്ത് ആഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണ്‍, ജോണ്‍ ഇസ്നര്‍, ഷാപോവലോവ്, കാഞ്ചനോവ്, ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ റാഫേല്‍ നദാല്‍ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 

വനിതകളില്‍ അമേരിക്കയുടെ സെറീന വില്ല്യംസ്, സ്‌ട്രൈക്കോവ, മക്കറോവ, ഹാലെപ്പിനെ അട്ടിമറിച്ച കനേപ്പി എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.

Content Highlights: us open, andy murray second round exit