ലോക ഒന്നാം നമ്പര്‍ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ലോക നാലാം നമ്പര്‍ വനിതാ താരം കരോളിന പ്ലിസ്‌കോവയും യു.എസ്.ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. 

ഫോമിലേക്ക് തിരിച്ചെത്തിയ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് നെതെര്‍ലന്‍ഡിന്റെ ടാലോണ്‍ ഗ്രെയ്ക്‌സ്പുറിനെ കീഴടക്കി. സ്‌കോര്‍: 6-2, 6-3, 6-2. മൂന്നാം റൗണ്ടില്‍ ജപ്പാന്റെ കരുത്തനായ കൈ നിഷികോരിയാണ് ജോക്കോവിച്ചിന്റെ എതിരാളി. 

മറ്റൊരു മത്സരത്തില്‍ കാനഡയുടെ ലോക ഏഴാം നമ്പര്‍ താരം ഡെന്നിസ് ഷാപ്പലോവ് സ്‌പെയിനിന്റെ കാര്‍ബെല്ലസ് ബയേനയെ കീഴടക്കി മൂന്നാം റൗണ്ടിലേക്ക് കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷാപ്പലോവിന്റെ വിജയം. സ്‌കോര്‍: 7-6, 6-3, 6-0. ഫ്രാന്‍സിന്റെ ഗൈല്‍ മോണ്‍ഫില്‍സും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെയാണ് താരം തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 4-6, 6-4, 6-4.

വനിതാ വിഭാഗത്തില്‍ ലോകനാലാം നമ്പറായ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ അമേരിക്കയുടെ അമന്‍ഡ അനിസിമോവയെ കീഴടക്കി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 7-5, 6-7, 7-6.

ജര്‍മനിയുടെ മുന്‍ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബറും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. യുക്രൈനിന്റെ ആന്‍ഹെലീന കല്ലിനിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് താരം മൂന്നാം റൗണ്ടില്‍ ഇടം നേടിയത്. സ്‌കോര്‍: 6-3, 6-2.

മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.

Content Highlights: US Open 2021 round two results