ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് കൗമാര താരം എമ്മ റാഡുകാനു യു.എസ് ഓപ്പണ്‍ സെമിയില്‍. 

ഒളിമ്പിക് ചാമ്പ്യന്‍ കാനഡയുടെ ബെലിന്‍ഡ ബെന്‍സിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് എമ്മയുടെ സെമി പ്രവേശനം. സ്‌കോര്‍: 6-3, 6-4.

ഇതുവരെ ടൂര്‍ണമെന്റില്‍ ഒരു സെറ്റു പോലും തോല്‍ക്കാതെ മുന്നേറിയവരായിരുന്നു എമ്മയും ബെലിന്‍ഡയും. എന്നാല്‍ ക്വാര്‍ട്ടറില്‍ എമ്മയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ ബെലിന്‍ഡയ്ക്ക് മറുപടിയുണ്ടായില്ല. 

ഓപ്പണിങ് സെറ്റില്‍ തന്നെ വിലയേറിയ രണ്ട് ഡബിള്‍ ഫോള്‍ട്ടുകള്‍ ബെലിന്‍ഡയ്ക്ക് സംഭവിച്ചു. തന്റെ മികവ് തുടര്‍ന്ന എമ്മ അനായാസം തന്നെ ആദ്യ സെറ്റ് സ്വന്തമാക്കി.

18-കാരിയായ എമ്മ തന്റെ ഗ്രാന്‍ഡ്സ്ലാം അരങ്ങേറ്റമായിരുന്ന ഇക്കഴിഞ്ഞ വിംബിള്‍ഡണില്‍ നാലാം റൗണ്ട് വരെ മുന്നേറിയ താരമാണ്.

Content Highlights: US Open 2021 British qualifier Emma Raducanu into semis