ന്യൂയോർക്ക്: 24-ാം ഗ്രാൻസ്ലാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനിറങ്ങിയ സെറീന വില്യംസ് യു.എസ് ഓപ്പൺ ഫൈനലിലെത്താതെ പുറത്ത്. സെമിയിൽ വിക്ടോറിയ അസരങ്കയാണ് സെറീനയുടെ സ്വപ്നങ്ങൾ തകർത്തത്. സ്കോർ: 1-6, 6-3, 6-3.

ഇതോടെ ശനിയാഴ്ച നടക്കുന്ന ഇത്തവണത്തെ യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ വിക്ടോറിയ അസരങ്കയും നവോമി ഒസാക്കയും ഏറ്റുമുട്ടും.

സെമിയിൽ അമേരിക്കയുടെ ജെന്നിഫർ ബ്രാഡി ഉയർത്തിയ വെല്ലുവിളി മറികടന്നാണ് ജപ്പാന്റെ നവോമി ഒസാക്ക ഫൈനലിലെത്തിയത്. സ്കോർ: 7-6 (1), 3-6, 6-3.

മൂന്നാം സീഡായ സെറീനയ്ക്കെതിരേ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു മുൻ ലോക ഒന്നാം നമ്പർ താരം അസരങ്കയുടെ തിരിച്ചുവരവ്. രണ്ടാം സെറ്റ് നഷ്ടമായതിനു പിന്നാലെ സെറീനയെ ഇടത് കണങ്കാലിലെ പരിക്ക് അലട്ടാൻ തുടങ്ങി. ഈ ആനുകൂല്യം മുതലാക്കി അസരങ്ക മൂന്നാം സെറ്റും സ്വന്തമാക്കി ഫൈനൽ ബർത്ത് ഉറപ്പിച്ചു.

കഴിഞ്ഞ ഏഴു വർഷത്തിനിടെ അസരങ്കയുടെ ആദ്യ ഗ്രാൻസ്ലാം സെമിഫൈനലായിരുന്നു ഇത്. താരത്തിന്റെ മൂന്നാം യു.എസ് ഓപ്പൺ ഫൈനലാണിത്. കഴിഞ്ഞ രണ്ടു തവണയും സെറീന വില്യംസിനോട് പരാജയപ്പെട്ട അസരങ്ക ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ശനിയാഴ്ച ഇറങ്ങുന്നത്.

അതേസമയം ജെന്നിഫർ ബ്രാഡിക്കെതിരേ രണ്ടു തവണ ഗ്രാൻഡ്സ്ലാം ജേതാവായ ഒസാക്ക നന്നായി വിയർത്തു. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും തോൽക്കാതെയാണ് ബ്രാഡി തന്റെ ആദ്യ ഗ്രാൻസ്ലാം സെമിക്ക് ടിക്കറ്റെടുത്തത്.

Content Highlights:US Open 2020 Victoria Azarenka beat Serena Williams Osaka outlasts Brady