ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക് ദ്യോക്കോവിച്ച് യു.എസ്. ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്കയ്ക്കെതിരായ മത്സരത്തിന്റെ മൂന്നാം സെറ്റില്‍ പരിക്ക് കാരണം പിന്‍വാങ്ങിയാണ് ദ്യോക്കോവിച്ചിന്റെ മടക്കം. ആ സമയം (6-4, 7-5, 2-1) പിറകിലായിരുന്നു സെര്‍ബിയന്‍ താരം.
അതേസമയം മുന്ചാമ്പ്യന്മാരായ റോജര്‍ ഫെഡറര്‍, സെറീന വില്യംസ് എന്നിവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പുരുഷ സിംഗിള്‍സില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ (6-2, 6-2, 6-0) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡററുടെ മുന്നേറ്റം.
വനിതാ സിംഗിള്‍സില്‍ ക്രൊയേഷ്യയുടെ പെട്രാ മാര്‍ട്ടിച്ചിനെ (6-3, 6-4) തോല്‍പ്പിച്ചാണ് സെറീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. പുരുഷന്മാരില് ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, റഷ്യയുടെ ഡാനില്‍ മെദ്വെദേവ് എന്നിവരും വനിതകളില്‍ എലിന സ്വിറ്റോലിനയും അവസാന എട്ടിലെത്തിയിട്ടുണ്ട്.
Content Highlights: US Open 2019 Novak Djokovic Roger Federer Serena Williams