ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ചാമ്പ്യനുമായ റോജര്‍ ഫെഡറര്‍ പുറത്തായ വാര്‍ത്ത ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. ഓസ്ട്രേലിയന്‍ താരം ജോണ്‍ മില്‍മാനാണ് രണ്ടാം സീഡായ ഫെഡററെ അട്ടിമറിച്ചത്. 

നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ തോല്‍വി. 2004 മുതലുള്ള കണക്കെടുത്താല്‍ ഇത് നാലാം തവണ മാത്രമാണ് ഫെഡറര്‍ ഒരു ഗ്രാന്റ്സ്ലാമിന്റെ ക്വാര്‍ട്ടറിലെത്താതെ പുറത്താകുന്നത്. ഇപ്പോഴിതാ തോല്‍വിയുടെ കാരണമെന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഫെഡറര്‍.

''കഠിനമായ ചൂടായിരുന്നു മത്സരത്തിനിടെ. ശരിക്കും ശ്വാസം കിട്ടാത്ത സ്ഥിതിയായിരുന്നു. വായുസഞ്ചാരമില്ലാത്ത പോലെയായിരുന്നു അന്തരീക്ഷം. ആ രാത്രിയില്‍ ഒരുപാട് ബുദ്ധിമുട്ടി. എനിക്ക് ഇതാദ്യമായാണ് ഇങ്ങനെ അനുഭവപ്പെടുന്നത്'', മത്സരശേഷം ഫെഡറര്‍ പറഞ്ഞു.

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുമ്പോള്‍ മറ്റ് കാര്യങ്ങള്‍ കൈ വിട്ടു പോകുമെന്ന് ഫെഡറര്‍ പറഞ്ഞു. എന്നാല്‍ കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ താന്‍ പരിശീലിച്ചിട്ടുണ്ട്. പകല്‍ 49 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ വരെ കളിച്ചിട്ടുണ്ട്. എന്നാല്‍ ചില ദിവസം ശരീരം നമ്മുടെ കൂടെ നിന്നെന്ന് വരില്ലെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ സെറ്റ് വിജയിച്ചു തുടങ്ങിയ ഫെഡറര്‍ക്ക് പക്ഷേ പിന്നീട് പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം സെറ്റ് ഓസീസ് താരം 7-5ന് സ്വന്തമാക്കി ഒപ്പം പിടിച്ചു. മൂന്നാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടെങ്കിലും വിജയം മില്‍മാനൊപ്പം നിന്നു. ഒടുവില്‍ നിര്‍ണായകമായ നാലാം സെറ്റിലും സ്വിസ് താരത്തിന് കാലിടറി. ടൈ ബ്രേക്കറിനൊടുവില്‍ 7-6 ന് സെറ്റും മത്സവും ഓസീസ് താരം സ്വന്തമാക്കി. സ്‌കോര്‍: 6-3, 5-7,6-7,6-7.

ഫെഡറര്‍ 12 എയ്സുകളുതിര്‍ത്തപ്പോള്‍ എട്ടെണ്ണമാണ് മില്‍മാന്റെ റാക്കറ്റില്‍ നിന്ന് പിറന്നത്. എന്നാല്‍ ഡബിള്‍ ഫോള്‍ട്ടുകള്‍ ഫെഡററെ തോല്‍വിയിലേക്ക് നയിക്കുകയായിരുന്നു. പത്ത് തവണയാണ് സ്വിസ് താരം ഡബിള്‍ ഫോള്‍ട്ട് വരുത്തിയത്.

Content Highlights: us open 2018 roger federer exit