ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ഫൈനല്‍ ലൈനപ്പായി. ലോക ഒന്നാം നമ്പര്‍ താരങ്ങളും ടോപ് സീഡുകളുമായി റാഫേല്‍ നഡാല്‍, കരോളിന പ്ലിസ്കോവ, അഞ്ചുവട്ടം ചാമ്പ്യനായ റോജര്‍ ഫെഡറര്‍, മുന്‍ചാമ്പ്യന്‍ യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോ, ഒമ്പതാം സീഡ് വീനസ് വില്യംസ് എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ടോപ് സീഡ് നഡാല്‍ യുക്രൈനിന്റെ അലക്സാണ്ടര്‍ ഡോള്ഗോപൊളോവിനെയും(6-2, 6-4, 6-1) മൂന്നാം സീഡ് ഫെഡറര്‍ ജര്‍മന്‍ താരം ഫിലിപ് കോള്ഷ്രീബറെയും(6-4, 6-2, 7-5) പരാജയപ്പെടുത്തി. ഒമ്പതാം സീഡ് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ ഞെട്ടിച്ച 19-കാരന് ആന്ദ്രെ റുബ്ലേവ് ആണ് ക്വാര്‍ട്ടറില്‍ നഡാലിന്റെ എതിരാളി.
2009 ഫൈനലില്‍ തന്നെ തോല്പിച്ച ഡെല്‍ പോട്രോയുമായി ഫെഡറര്‍ മാറ്റുരയ്ക്കും. ഫെഡറര്‍-നഡാല്‍ സെമി പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയിട്ടുള്ളത്. ആറാം സീഡായ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെതിരെ രണ്ടു സെറ്റ് പിന്നിലായശേഷം തിരിച്ചടിച്ചാണ് ഡെല്‍ പോട്രോ വിജയം കണ്ടത്. സ്കോര്‍: 1-6, 2-6, 6-1, 7-6, 6-4.
അമേരിക്കയുടെ സാം കുറെ, ദക്ഷിണാഫ്രിക്കന്‍ താരം കെവിന് ആന്ഡേഴ്സണ്, സ്പെയിനിന്റെ പാബ്ലോ കരീനോ ബുസ്ത, അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്ട്സ്മാന് എന്നിവരും പുരുഷവിഭാഗം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
അമേരിക്കന്‍ താരം ജെന്നിഫര്‍ ബ്രാഡിയെ 6-1, 6-0ന് തകര്‍ത്താണ് പ്ലിസ്കോവ ക്വാര്ട്ടറിലെത്തിയിട്ടുള്ളത്. ക്വാര്‍ട്ടറിലെത്തിയ വനിതകളില്‍ പകുതിപ്പേരും അമേരിക്കക്കാരാണ്. വീനസ് വില്യംസ്(9), മാഡിസണ്‍ കീസ്(15), കോകോ വാന്ഡെവേഗെ(20), സ്ലൊവാനി സ്റ്റീഫന്‍സ് എന്നിവരാണ് ഈ അമേരിക്കന്‍ താരങ്ങള്‍. ലോക റാങ്കിങ്ങില്‍ 418-ാം സ്ഥാനം മാത്രമുള്ള എസ്തോണിയയുടെ വെറ്ററന്‍ താരം കായ കനേപ്പി, 13-ാം സീഡ് പെട്ര ക്വിറ്റോവ, 16-ാം സീഡ് ലാത്വിയയുടെ അനസ്താസിയ സെവസ്തോവ എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയ മറ്റു വനിതകള്‍.