ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ച് മൂന്നാം സീഡും സ്വിസ് താരവുമായ സ്റ്റാന്‍സിലാസ് വാവ്റിങ്കയെ നേരിടും. പത്താം സീഡ് ഗെയ്ല് മോണ്‍ഫില്‍സിനെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് ഫൈനലിലേക്ക് മുന്നേറിയത്. സ്കോര്‍: 6-3,6-2,3-6,6-2.
ആന്‍ഡി മറെയെ തോല്‍പ്പിച്ചെത്തിയ കെയ് നിഷികോരിയെ മറികടന്നാണ് വാവ്റിങ്ക ഫൈനലിലേക്ക് മുന്നേറിയത്. ആറാം സീഡായ നിഷികോരിക്കെതിരെ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം വാവ്റിങ്ക തിരിച്ചു വരികയായിരുന്നു. സ്കോര്‍: 4-6,7-5,6-4,6-2.

എന്നാല്‍ വനിതാ സിംഗിള്‍സില്‍ അപ്രതീക്ഷിത വിജയത്തോടെ കരോളിന പ്ലിസ്കോവ ഫൈനലിലെത്തി. സെറീനയുടെ റെക്കോര്‍ഡ് കുതിപ്പിന് തടയിട്ടാണ് ചെക്ക് താരം പ്ലിസ്കോവ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ 10-ാം സീഡുകാരിയായ പ്ലിസ്കോവ ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറിനെ എതിരിടും. ഡെന്മാര്ക്കുകാരി കരോലിന് വോസ്നിയാക്കിയെ 4-6, 3-6ന് തോല്പിച്ചാണ് കെര്‍ബര്‍ ഫൈനലിലെത്തിയത്. സ്റ്റെഫി ഗ്രാഫിന് (1996) ശേഷം യു.എസ്. ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ജര്‍മന്‍ താരമാണ് കെര്‍ബര്‍
കെര്‍ബറും പ്ലിസ്കോവയും ഏഴുതവണ മത്സരിച്ചപ്പോള്‍ നാല് തവണയും വിജയം കെര്ബര്ക്കൊപ്പമായിരുന്നു (4-3). എന്നാല്‍, ഏറ്റവും ഒടുവില്‍ നടന്ന സിന്‍സിനാറ്റി ഫൈനലില്‍ കെര്‍ബറെ തോല്പിച്ച് പ്ലിസ്കോവ കിരീടമണിഞ്ഞിരുന്നു.

ഫൈനലിലെത്തിയതോടെ കെര്‍ബര്‍ സെറീനയെ മറികടന്ന് ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി. കരിയറില്‍ ആദ്യമായി കെര്‍ബര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പര്‍ പദവി സൂക്ഷിച്ച താരമെന്ന റെക്കോഡ് 34-കാരിയായ സെറീനയ്ക്ക് നഷ്ടമായി. 23-ാം ഗ്രാന്സ്ലാം കിരീടമെന്ന റെക്കോഡ് നേട്ടവും സെറീനയില്‍ നിന്നകന്നു.
സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്സ്ലാം കിരീടങ്ങളുടെയും ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറായതിന്റെയും റെക്കോഡുകളാണ് കൈവിട്ടുപോയത്. എങ്കിലും ഈ രണ്ടു റെക്കോഡുകള്‍ക്കും ഒപ്പമെത്തി എന്ന് ആശ്വാസിക്കാം.