കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസില്‍ കിരീടസാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കപ്പെട്ട ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവും ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസും പുറത്തായി. 

ടോക്യോ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവും മൂന്നാം സീഡുമായ സ്വെരേവിനെ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് അട്ടിമറിച്ചത്. ആദ്യ സെറ്റ് നേടിയശേഷമാണ് സ്വെരേവ് മത്സരം നഷ്ടപ്പെടുത്തിയത്. സ്‌കോര്‍: 4-6, 6-3, 7-6. അവസാന സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും 7-3 എന്ന സ്‌കോന് ടെയ്‌ലര്‍ വിജയം സ്വന്തമാക്കി. 

ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പും രണ്ടാം സീഡുമായ സിറ്റ്‌സിപാസിനെ ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയാണ് അട്ടിമറിച്ചത്. ഈ മത്സരവും മൂന്ന് സെറ്റ് നീണ്ടു. സ്‌കോര്‍: 6-4, 2-6, 6-4. ആദ്യ സെറ്റ് നോറി സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് നേടിക്കൊണ്ട് സിറ്റ്‌സിപാസ് തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ നിരവധി പിഴവുകള്‍ താരം വരുത്തിയതോടെ നോറി വിജയം നേടുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ വെല്‍സില്‍ ഇത്തവണ പുരുഷ വിഭാഗത്തില്‍ പുതിയ ചാമ്പ്യനുണ്ടാകും എന്ന കാര്യമുറപ്പായി. 

ഒന്നാം സെമി ഫൈനലില്‍ നോറി ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ നേരിടും. രണ്ടാം സെമിയില്‍ ജോര്‍ജിയയുടെ നിക്കോളാസ് ബസിലഷ്വിയാണ് ടെയ്‌ലര്‍ ഫ്രിറ്റ്‌സിന്റെ എതിരാളി. ഇരുവരുടെയും ആദ്യ മാസ്റ്റേഴ്‌സ് 1000 സെമി ഫൈനല്‍ മത്സരമാണിത്.

Content Highlights: Tsitsipas, Zverev bow out Basilashvili, Fritz advance to the semis of Indian Wells