ബ്രിസ്‌ബെയ്ന്‍: എടിപി ടെന്നീസ് ടൂര്‍ണമെന്റിനിടെ ദേഷ്യം നിയന്ത്രിക്കാനാവാതെ അച്ഛനെ വേദനിപ്പിച്ച് മകന്‍. ഗ്രീക്ക് ടെന്നീസ് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസാണ് കോര്‍ട്ടില്‍ കൊച്ചുകുട്ടിയെപ്പോലെ പെരുമാറിയത്. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസുമായുള്ള മത്സരത്തിനിടെയാണ് സംഭവം.

ആദ്യ സെറ്റിലെ ടൈ ബ്രേക്കര്‍ നഷ്ടപ്പെട്ടപ്പോള്‍ ദേഷ്യമടക്കാനാകാതെ സിറ്റ്‌സിപാസ് വായുവില്‍ വീശിയ റാക്കറ്റ് കൊണ്ടത് ടീം ബെഞ്ചിലിരിക്കുകയായിരുന്ന അച്ഛന്‍ അപോസ്‌തൊലോസിന്റെ വലതു കൈയിലായിരുന്നു. അദ്ദേഹം ഉടന്‍ തന്നെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. പക്ഷേ എന്നിട്ടും സിറ്റ്‌സിപാസിന്റെ ദേഷ്യം തീര്‍ന്നില്ലായിരുന്നു. അച്ഛനെ ശ്രദ്ധിക്കാതെ താരം റാക്കറ്റ് കസേരയിലേക്ക് എറിഞ്ഞു. 

ഇതെല്ലാം കണ്ട് ഗാലറിയില്‍ നിന്ന് ഒരാള്‍ ഇവര്‍ക്ക് അരികിലേക്ക് ഓടിയെത്തി. അമ്മ ജൂലിയ ആയിരുന്നു അത്. അപോസ്‌തൊലോസും കാണികളും അമ്പരുന്നു നില്‍ക്കുന്നതിനിടെ ജൂലിയ മകനെ കണക്കിന് ശകാരിച്ചു. അപോസ്തലോസ് പിന്നീട് മത്സരം കണ്ടത് ഗാലറിയില്‍ ജൂലിയയ്‌ക്കൊപ്പമിരുന്നാണ്. 

മത്സരത്തില്‍ സിറ്റ്‌സിപാസ് തോറ്റു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി.. മൂന്നു സെറ്റും ടൈ ബ്രേക്കറിലേക്ക് നീണ്ടു. മത്സരശേഷം സിറ്റ്‌സിപാസ് എല്ലാവരില്‍ നിന്നും ചോദ്യം നേരിട്ടു. അതിന് ഗ്രീക്ക് താരം നല്‍കിയ മറുപടി ഇങ്ങനെയാണ്. 'എല്ലാം അറിയാതെ സംഭവിച്ചു പോയതാണ്. ഇതിന് പ്രായശ്ചിത്തമായി ഞാന്‍ മൂന്നു ദിവസം അച്ഛനൊപ്പം വീട്ടിലിരിക്കും.'

 

Content Highlights: Tsitsipas on racket swipe that injured father