ബാസല്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസല്‍ നഗരത്തിലെ ഒരു ട്രാമിന് ഫെഡററുടെ പേര് ചേര്‍ത്തുകൊണ്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് താരത്തെ ആദരിച്ചത്. ' ഫെഡറര്‍ എക്‌സ്പ്രസ്' എന്നാണ് ട്രാമിന് പുതുതായി നല്‍കിയ പേര്.

ഫെഡറര്‍ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. തന്റെ പേരിലുള്ള ട്രാമിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും താരം ആരാധകരുമായി പങ്കുവെച്ചു. ഈ വിലപ്പെട്ട ബഹുമതിയ്ക്ക്  നന്ദിയുണ്ടെന്നും ചെറുപ്പത്തില്‍ ടെന്നീസ് പരിശീലനത്തിനായി എല്ലാ ദിവസവും ഈ റൂട്ടിലുള്ള ട്രാമിലാണ് സഞ്ചരിച്ചതെന്നും ഫെഡറര്‍ പറഞ്ഞു.  ട്രാമിന് തന്റെ പേര് നല്‍കിയതില്‍ അഭിമാനിക്കുന്നുവെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു. 

കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് കുറച്ചുകാലമായി മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന ഫെഡറര്‍ ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ഫെഡററുടെ അക്കൗണ്ടിലുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം പരിക്കില്‍ നിന്നും മുക്തനായ മുന്‍ ലോക ഒന്നാം നമ്പറായ സ്വിസ് താരം മത്സരരംഗത്തേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. 

Content Highlights: Tram In Basel Named After Roger Federer