Chris Kermode
കെര്‍മോഡെ മെല്‍ബണില്‍ പത്രസമ്മേളനത്തിനിടെ. ഫോട്ടോ: എപി.

 

മെല്‍ബണ്‍: ടെന്നിസില്‍ വാതുവെപ്പ് നടക്കുന്നുണ്ടെന്നും എന്നാല്‍ ഇത് വളരെ കുറഞ്ഞ തോതിലാണെന്നും എടിപി എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രസിഡന്റുമായ ക്രിസ് കെര്‍മോഡെ. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെര്‍മോഡെ ഇക്കാര്യം പറഞ്ഞത്.

അതേസമയം വാതുവെപ്പിനെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം കെര്‍മോഡെ നിഷേധിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ടെന്നിസ് അസോസിയേഷന്‍ ചെയര്‍മാന്‍ ലോക ടെന്നിസിനെ ഉലച്ച സംഭവത്തില്‍ പ്രതികരിച്ചത്.

ടെന്നിസ് ഇന്റഗ്രിറ്റി ഏജന്‍സിക്ക് പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ വിവരങ്ങളെല്ലാം വസ്തുതകളല്ലെന്നും കെര്‍മോഡെ പറഞ്ഞു. വിവരങ്ങള്‍ക്ക് തെളിവ് ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാനും അവ പുറത്തുവിടാനും സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിയും വാതുവെപ്പും തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അസോസിയേഷന്‍ അഴിമതി വിരുദ്ധ ഏജന്‍സിയായ ടെന്നിസ് ഇന്റഗ്രിറ്റി യൂണിറ്റ് ആരംഭിച്ചതെന്നും യൂണിറ്റിന് ലഭിക്കുന്ന എല്ലാ വിവരങ്ങളിലും അന്വേഷണം നടക്കുമെന്നും എടിപി തലവന്‍ വ്യക്തമാക്കി.