മെല്‍ബണ്‍: ടെന്നീസിലെ ഒത്തുകളി വിവാദം ചൂടുള്ള വാര്‍ത്തയായി നിറഞ്ഞുനിന്നത്  ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങളെ ബാധിച്ചില്ല. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനദിവസം മുന്‍നിര താരങ്ങള്‍ ജയിച്ചുകയറി. 

പുരുഷ വിഭാഗം ടോപ് സീഡ് നൊവാക് ദ്യോക്കോവിച്ച്, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, ആറാം സീഡ് തോമസ് ബെര്‍ഡിഷ്, ഏഴാം സീഡ് ജപ്പാന്റെ കെയി നിഷിക്കോരി, വനിതാ വിഭാഗം ടോപ് സീഡ് സെറീന വില്യംസ്, നാലാം സീഡ് അഗ്‌നീസ്‌ക റഡ്വാന്‍സ്‌ക, അഞ്ചാം സീഡ് മരിയ ഷറപ്പോവ, ആറാം സീഡ് പെട്ര ക്വിറ്റോവ എന്നിവര്‍ വിജയം കുറിച്ചു. ഇന്ത്യന്‍ പ്രതീക്ഷയായ യൂക്കി ഭാംബ്രി ആദ്യ റൗണ്ടില്‍ തോറ്റു.
  
വനിതകളില്‍ 16ാം സീഡ് കരോലിന്‍ വോസ്‌നിയാക്കി, 17ാം സീഡ് സാറ എറാനി, 25ാം സീഡ് സാമന്ത സ്റ്റോസര്‍, പുരുഷവിഭാഗം 22ാം സീഡ് ഇവോ കാര്‍ലോവിച്ച് എന്നിവര്‍ ആദ്യ റൗണ്ടില്‍ തോറ്റു മടങ്ങി.
  
ദ്യോക്കോവിച്ച് കൊറിയയുടെ ചുങ് ഹ്യോണിനെയും (6-3, 6-2, 6-4) ഫെഡറര്‍ ജോര്‍ജിയയുടെ നിക്കോളോസ് ബസിലാഷ്വിലിയെയും (6-2, 6-1, 6-2) നിഷിക്കോരി ജര്‍മനിയുടെ ഫിലിപ് കോള്‍ഷ്രീബറെയും (6-4, 6-3, 6-3)പരാജയപ്പെടുത്തി. ബെര്‍ഡിഷ് മറികടന്നത് ഇന്ത്യന്‍ താരം ഭാംബ്രിയെയാണ് (7-5, 6-1, 6-2). 
  
ഇറ്റലിയുടെ കാമില ജോര്‍ജിയെ മറികടക്കാന്‍ സെറീന വില്യംസ് ശരിക്കും വിയര്‍ത്തു. സ്‌കോര്‍: 6-4, 7-5. റഡ്വാന്‍സ്‌ക അമേരിക്കയുടെ ക്രിസ്റ്റീന മക്‌ഹെയിലിനെ തോല്പിച്ചപ്പോള്‍ (6-2, 6-3) ജപ്പാന്റെ നാവോ ഹിബിനോയെ മറികടന്നായിരുന്നു ഷറപ്പോവയുടെ മുന്നേറ്റം (6-1, 6-3).