യു.എസ്.ഓപ്പണില്‍ അട്ടിമറി വിജയവുമായി കാനഡയുടെ കൗമാരതാരം ലെയ്‌ല ആനി ഫെര്‍ണാണ്ടസ് സെമി ഫൈനലില്‍. വനിതാ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫെര്‍ണാണ്ടസ് ലോക അഞ്ചാം നമ്പര്‍ താരം യുക്രൈനിന്റെ എലീന സ്വിറ്റോലിനയെ അട്ടിമറിച്ചാണ് താരം സെമി ഫൈനലില്‍ പ്രവേശിച്ചത്. 

മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഫെര്‍ണാണ്ടസിന്റെ വിജയം. സ്‌കോര്‍: 6-3, 3-6, 7-6. ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ ഫെര്‍ണാണ്ടസിനെതിരേ സ്വിറ്റോലിന രണ്ടാം സെറ്റില്‍ തിരിച്ചടിച്ചു. അതേ സ്‌കോറിന് സ്വിറ്റോലിന രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. ടൈബ്രേക്കറില്‍ 7-5 എന്ന സ്‌കോറിന് വിജയിച്ച് ഫെര്‍ണാണ്ടസ് മത്സരം സ്വന്തമാക്കി. 

ടൂര്‍ണമെന്റിലുടനീളം അട്ടിമറികളുമായാണ് ഫെര്‍ണാണ്ടസ് മുന്നേറിയത്. നിലവിലെ യു.എസ്.ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്ക, മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബര്‍ എന്നിവര്‍ക്കെല്ലാം ഫെര്‍ണാണ്ടസിന് മുന്നില്‍ അടിതെറ്റി. സ്വിറ്റോലിന 2020 ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവാണ്. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ആര്യന സബലെങ്കയാണ് താരത്തിന്റെ എതിരാളി. 

സബലെങ്ക എട്ടാം സീഡ് ബാര്‍ബോറ ക്രെസിക്കോവയെ കീഴടക്കിയാണ് സെമിയിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബെലാറസ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-1, 6-4.

പുരുഷവിഭാഗത്തില്‍ 12-ാം സീഡായ കാനഡയുടെ ഓഗര്‍ അലിയാസിമെ സെമി ഫൈനലില്‍ പ്രവേശിച്ചു. സ്‌പെയിനിന്റെ അല്‍കാറസ് ഗാര്‍ഫിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറിയതിനേത്തുടര്‍ന്ന് ഓഗറിന് വാക്ക് ഓവര്‍ ലഭിച്ചു. മത്സരത്തില്‍ ഓഗര്‍ 6-3, 3-1 എന്ന സ്‌കോറിന് മുന്നിട്ട് നില്‍ക്കുമ്പോഴാണ് അല്‍കാറസ് മത്സരത്തില്‍ നിന്ന് പിന്മാറിയത്. 

സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദ്വദേവാണ് ഓഗറിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡിന്റെ വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനെ കീഴടക്കിയാണ് മെദ്വദേവ് അവസാന നാലിലെത്തിയത്. സ്‌കോര്‍: 6-3, 6-0, 4-6, 7-5.

Content Highlights: Teenager Leylah Fernandez beats Elina Svitolina to reach semi-finals