ബെയ്‌സല്‍: യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ തോല്‍പിച്ച് റോജര്‍ ഫെഡറര്‍ക്ക് സ്വിസ് ഇന്‍ഡോർ ടെന്നീസ് കിരീടം. ആദ്യ സെറ്റില്‍ പരാജയപ്പെട്ട ശേഷം സ്വിസ് താരം തിരിച്ചുവരികയായിരുന്നു. 2012, 2013 വര്‍ഷങ്ങളില്‍ തന്നെ തോല്‍പിച്ച് കിരീടം ചൂടിയ ഡെല്‍പോട്രോയോടുള്ള മധുരപ്രതികാരം കൂടിയായി ഫെഡററുടെ കിരീടം.

ടൈ ബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റിനൊടുവില്‍ അര്‍ജന്റീന താരം 7-6ന് വിജയിച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ 6-4ന് ഒപ്പം പിടിച്ച ഫെഡറര്‍ അടുത്ത സെറ്റ് 6-3ന് സ്വന്തമാക്കി കിരീടം കൈപ്പിടിയിലൊതുക്കി. സ്വിസ് ഇൻഡോറിൽ എട്ടാം കിരീടം നേടുന്ന ഫെഡററുടെ ഈ വര്‍ഷത്തെ ഏഴാം കിരീടം കൂടിയാണിത്.

ഓപ്പണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ കിരീടം നേടിയവരുടെ പട്ടികയില്‍ ഫെഡറര്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇവാന്‍ ലെന്‍ഡലിനെ മറികടന്ന ഫെഡറുടെ അക്കൗണ്ടില്‍ 95 കിരീടങ്ങളാണുള്ളത്. 109 കിരീടങ്ങളുമായി ജിമ്മി കോണേഴ്‌സാണ് ഒന്നാമത്.