ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന് യോഗ്യത നേടി ഇന്ത്യന്‍ താരം സുമിത് നാഗല്‍. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ബ്രസീലിന്റെ ജോ മെന്‍സെസിനെ തോല്‍പ്പിച്ചാണ് സുമിതിന്റെ മുന്നേറ്റം. മത്സരം രണ്ടു മണിക്കൂറും 27 മിനിറ്റും നീണ്ടുനിന്നു.

ആദ്യ സെറ്റ് 5-7ന് നഷ്ടപ്പെടുത്തിയ സുമിത് രണ്ടും മൂന്നും സെറ്റുകളില്‍ തിരിച്ചുവരികയായിരുന്നു. സ്‌കോര്‍: 5-7, 6-4,6-3. നിലവില്‍ ലോകറാങ്കിങ്ങില്‍ 190-ാം സ്ഥാനത്താണ് 22-കാരന്‍.

പക്ഷേ ആദ്യ റൗണ്ടില്‍ സുമിതിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടമാണ്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മുന്‍ ലോക ഒന്നാം റാങ്കുകാരന്‍ റോജര്‍ ഫെഡററാണ് ഇന്ത്യന്‍ താരത്തിന്റെ എതിരാളി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഗ്രാന്‍സ്ലാം സിംഗിള്‍സ് മത്സരത്തിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൂടിയാണ് സുമിത്. 

സുമിതിനെക്കൂടാതെ പ്രജ്‌നേഷ് ഗുണേശ്വരനും യോഗ്യത നേടിയിട്ടുണ്ട്. അഞ്ചാം സീഡ് ഡാനില്‍ മെദ്വേവാണ് പ്രജ്‌നേഷിന്റെ എതിരാളി. 1998-ലെ വിംബിള്‍ഡണിന് ശേഷം ആദ്യമായാണ് ഗ്രാന്‍സ്ലാമിലെ സിംഗിള്‍സ് മത്സരത്തില്‍ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്. അന്ന് മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പേസുമാണ് കളിച്ചത്.

 

Content Highlights: Sumit Nagal qualifies for US Open singles