ഇന്ത്യയുടെ ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മ്മന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. ടെന്നീസില്‍ നിന്ന് വിരമിക്കുകയെന്ന പുതിയ തീരുമാനത്തോടെ പുതുവര്‍ഷം തുടങ്ങുകയാണെന്നും ഇതുവരെ എല്ലാവരും തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് സോംദേവ് അറിയിച്ചു.
പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സോംദേവ്. ഈ വര്‍ഷത്തെ ചെന്നൈ ഓപ്പണില്‍ കളിക്കാനുണ്ടാകില്ലെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോംദേവിന്റെ വിരമിക്കല്‍ തീരുമാനം. അതിനിടെ ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സോംദേവിന്റെ പേര് പരിഗണിച്ചിരുന്നു.
ലിയാണ്ടര്‍ പെയ്‌സിന് ശേഷം ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യയുടെ മേല്‍വിലാസമായിരുന്നു സോംദേവ്. ലോക റാങ്കിങ്ങില്‍ 62ാം റാങ്കു വരെയെത്തിയ സോംദേവ് നിലവില്‍ 704ാം റാങ്കുകാരനായിരുന്നു. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ സോംദേവ് 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടി.
Starting 2017 on a new note, retiring from pro tennis. Thanks to everyone for the love and support over the years. #newyearnewbeginnings
— Somdev Devvarman (@SomdevD) January 1, 2017
2009ല്‍ ചെന്നൈ ഓപ്പണിന്റെയും 2011ല്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണിന്റെയും ഫൈനലിലെത്തി സോംദേവ് എ.ടി.പി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വന്നായിരുന്നു സോംദേവ് ചെന്നൈ ഓപ്പണിന്റെ ഫൈനല്‍ വരെയെത്തിയത്. 1998ല്‍ യു.എസ്.എയിലെ ഒരു ടൂര്‍ ഇവന്റ് ലിയാണ്ടര്‍ പെയ്‌സ് നേടിയ ശേഷം ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച പ്രകടനമായിരുന്നു ഇത്.
2008 മുതല്‍ ഇന്ത്യക്കായി ഡേവിസ് കപ്പില്‍ കളിക്കാന്‍ തുടങ്ങിയ സോംദേവ് 14 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. 2015ലെ ലോകഗ്രൂപ്പ് പ്ലേ ഓഫില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസ്‌ലിക്കെതിരെയും 2014ല്‍ സെര്‍ബിയയുടെ ദിസാന്‍ ലാജോവിക്കിനെതിരെയും നേടിയ വിജയങ്ങള്‍ സോംദേവിന്റെ കളിമികവിന്റെ തെളിവാണ്.
മിയാമി ഓപ്പണില്‍ സോംദേവും ദ്യോകോവിച്ചും തമ്മിലുള്ള മത്സരം