ന്യൂയോര്‍ക്ക്‌: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സ്ലോവാനി സ്റ്റീഫന്‍സിന്. സ്വന്തം നാട്ടുകാരിയും അടുത്ത സുഹൃത്തുമായ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം സ്ലോവാനി സ്റ്റീഫന്‍സ് സ്വന്തമാക്കിയത്. സ്‌കോര്‍ 6-3,6-0. 

സീഡ് ചെയ്യപ്പെടാതെ ചാമ്പ്യന്‍ഷിപ്പിനെത്തിയാണ് അവര്‍ കിരീടവുമായി മടങ്ങുന്നത്. സീഡില്ലാതെ ഗ്രാന്‍സ്ലാം കിരീടം നേടുന്ന അഞ്ചാമത്തെ വനിതാ താരം കൂടിയായി അവര്‍ മാറി. ഇതിന് മുമ്പ് 2009 ല്‍ കിം ക്ലൈസ്റ്റേഴ്‌സാണ് സീഡ് ചെയ്യപ്പെടാതെ എത്തി കിരീടവുമായി മടങ്ങിയത്. വിരമിച്ച ശേഷം തിരിച്ചുവന്നാണ് ക്ലൈസ്റ്റേഴ്‌സ് അന്ന് കിരീടം നേടിയത്. 

Madison Keys and Sloane Stephens

ആദ്യ സെറ്റ് 6-3 ന് നേടിയ സ്ലോവാന്‍സ് സ്റ്റീഫന്‍സ് രണ്ടാം സെറ്റില്‍ ഒരു ഗെയിം പോലും എതിരാളിക്ക് നല്‍കാതെയാണ് സ്വന്തമാക്കിയത്. കേവലം 61 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്‌.

ലോക റാങ്കിങ്ങില്‍ 83 ാം സ്ഥാനത്തായിരുന്നു ടൂര്‍ണമെന്റിന് ഇറങ്ങുമ്പോള്‍ സ്റ്റീഫന്‍സ്.

സെമിയില്‍ മുന്‍ ചാമ്പ്യന്‍ കൂടിയായ അമേരിക്കയുടെ വീനസ് വില്യംസിനെ വാശിയേറിയ പോരാട്ടത്തില്‍ അട്ടിമറിച്ചാണ് സ്റ്റീഫന്‍സ് ഫൈനലിലെത്തിയത്. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ മാഡിസണ്‍ കീസിന് ഒരുവസരവും നല്‍കാതെയാണ് അവര്‍ ജേതാവായത്.

ഇടതുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് 11 മാസമായി കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് കിരീടവുമായി സ്റ്റീഫന്‍സ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. പരിക്കിന് ശേഷം സജീവ ടെന്നീസിലേക്ക് തിരിച്ചെത്തിയ സ്ലോവാന്‍സിന്റെ അവിശ്വസനീയ കുതിപ്പായിരുന്നു. റാങ്കിങ്ങില്‍ ഓഗസ്റ്റില്‍ 957 ാം സ്ഥാനത്തായിരുന്നു.