ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ നാലാം റൗണ്ടിലെ തോല്‍വിക്കു പിന്നാലെ തനിക്ക് ഇനി സോഷ്യല്‍ മീഡിയ വഴി വധഭീഷണികളുടെ ബഹളമായിരിക്കുമെന്ന് അമേരിക്കന്‍ ടെന്നീസ് താരം ഷെല്‍ബി റോജേഴ്‌സ്. 

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബ്രിട്ടീഷ് താരം എമ്മ റഡുകാനുവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-2, 6-1) ഷെല്‍ബി ദയനീയ തോല്‍വി വഴങ്ങിയിരുന്നു.

മത്സര ശേഷം പ്രതികരിക്കുമ്പോഴാണ് തനിക്ക് ഇനി സോഷ്യല്‍ മീഡിയ വഴിയുള്ള വധഭീഷണികള്‍ നേരിടേണ്ടി വരുമെന്ന് ഷെല്‍ബി പ്രതികരിച്ചത്.

ശനിയാഴ്ച ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടിയെ തകര്‍ത്ത് നാലാം റൗണ്ടില്‍ കടന്ന ഷെല്‍ബിക്ക് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. 

നേരത്തെ മൂന്നാം റൗണ്ടില്‍ ആഞ്ജലിക് കെര്‍ബറിനോട് തോറ്റ ശേഷം തനിക്ക് അധിക്ഷേപങ്ങള്‍ നിറഞ്ഞ രണ്ടായിരത്തിലേറെ മോശം മെസേജുകളാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തി അമേരിക്കയുടെ തന്നെ സ്ലൊവെയ്ന്‍ സ്റ്റീഫന്‍സ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ ഷെല്‍ബിയുടെ പ്രതികരണം വന്നിരിക്കുന്നത്. 

തോല്‍വിക്കു പിന്നാലെ വംശവെറിയും വധഭീഷണികളുമടക്കമുള്ള സന്ദേശങ്ങളാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് സ്റ്റീഫന്‍സ് പ്രതികരിച്ചിരുന്നു.

Content Highlights: Shelby Rogers expects death threats after US Open loss