മെല്‍ബണ്‍: കോര്‍ട്ടിലെ സെറീന വില്ല്യംസിന്റെ കുതിപ്പിന് മുന്നില്‍ സ്റ്റെഫി ഗ്രാഫിന്റെ ചരിത്രവും വഴിമാറി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ മൂത്ത സഹോദരി വീനസ് വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇരുപത്തിമൂന്നാം ഗ്രാന്‍സ്ലാം കിരീടമാണ് സെറീന സ്വന്തമാക്കിയത്. സ്‌കോര്‍: 6-4, 6-4

ഓപ്പണ്‍ യുഗത്തില്‍ ഇരുപത്തിരണ്ട് ഗ്രാന്‍സ്ലാം എന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡാണ് സെറീന മറികടന്നത്. 24 ഗ്രാന്‍സ്ലാം സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് ഇനി സെറീനയ്ക്ക് മുന്നിലുള്ളത്.

ഏഴ് ഓസ്ട്രേലിയന്‍ ഓപ്പണിന് പുറമെ മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിള്‍ഡണ്‍, ആറ് യു.എസ്. ഓപ്പണ്‍ കിരീടങ്ങള്‍ ഉള്‍പ്പടെയാണ് സെറീന ഇരുപത്തിമൂന്ന് ഗ്രാന്‍സ്ലാം സ്വന്തമാക്കിയത്. ഇതോടെ കളിച്ച 29 ഫൈനലുകളില്‍ 23 എണ്ണത്തിലും ജയിച്ചു എന്നൊരു നേട്ടം കൂടി സ്വന്തമാക്കി സെറീന.

സെറീനയുടെ ഏഴാമത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൂടിയാണിത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സെറീന ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ആഞ്ജലിക് കെര്‍ബറോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു സെറീന. ഈ ജയത്തോടെ സെറീന കെര്‍ബറെ മറികടന്ന് വീണ്ടും ഒന്നാം റാങ്കുകാരിയായി.

2009ലെ വിംബിള്‍ണ്‍ണിനുശേഷം വീനസ് വില്ല്യംസിന്റെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്. ഇതുവരെ തന്റെ ഇളയ സഹോദരിയായ സെറീനയുമായി കളിച്ച ഒന്‍പത് മത്സരങ്ങളില്‍ എട്ടിലും വീനസിന് തോല്‍വിയായിരുന്നു ഫലം. തോറ്റെങ്കിലും വീനസിന്റെ റാങ്കിങ് പതിനൊന്നാമതായി ഉയര്‍ന്നു.