പാരിസ്: മൂന്നുതവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ഇതിഹാസതാരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി. പരിക്കേറ്റതിനെത്തുടര്‍ന്നാണ് താരം ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നത്. 

മാര്‍ഗരറ്റ് കോര്‍ട്ട് സ്ഥാപിച്ച 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റെക്കോഡ് ഫ്രഞ്ച് ഓപ്പണ്‍ നേടി സെറീന തിരുത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. റെക്കോഡ് മറികടക്കാന്‍ സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം. 

നിലവില്‍ ആറാം സീഡായ സെറീന ആദ്യ റൗണ്ടില്‍ അമേരിക്കന്‍ താരമായ ക്രിസ്റ്റി ആനിനെ മറികടന്ന് ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നിരുന്നു. രണ്ടാം റൗണ്ടില്‍ സേവ്റ്റാന പിരോണ്‍കോവയോട് കളിക്കുന്നതിന് തൊട്ടുമുന്‍പാണ് സെറീന ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത്.

പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

Content Highlights: Serena Williams withdraws from French Open 2020 due to achilles injury